മനാമ: സ്വാതന്ത്ര്യ സമര സേനാനികള്‍ എല്ലാം നഷ്ടപ്പെടുത്തിയും, ജീവന്‍ ത്യജിച്ചും നേടിത്തന്ന സ്വാതന്ത്ര്യത്തിന് ഒരു കോട്ടവും സംഭവിക്കാതെ, പകിട്ടിന് ഭംഗം വരാതെ അടുത്ത തലമുറക്ക് കൈമാറും എന്ന പ്രതിജ്ഞയെടുക്കാന്‍ നമ്മള്‍ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബഹ്റൈന്‍ ഒ.ഐ.സി.സി. ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജനങ്ങളുടെ അവകാശങ്ങള്‍ പിച്ചി ചീന്തുന്നു. നമ്മുടെ രാജ്യം നേടിയ സ്വാതന്ത്ര്യത്തിന്റെ ഉത്തമമായ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാതെ ഭരണം നടത്തു ആളുകളാണ് രാജ്യം ഭരിക്കുന്നത്. വേദനിപ്പിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും രാജ്യത്ത് നടക്കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ കൈ നീട്ടേണ്ടിവന്ന സാഹചര്യം ആയിരുന്നു. അവിടെ നിന്ന് ആരംഭിച്ച നമ്മള്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കി. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുകയും, വര്‍ഷങ്ങളോളം ഉപയൊഗിക്കുന്നതിന് സംഭരിച്ചു വയ്ക്കുകയും, ബാക്കി കയറ്റുമതി ചെയ്തു വരുകയും ചെയ്യുന്നു. വ്യവസായ രംഗത്ത് നമ്മള്‍ ഒുന്നും അല്ലായിരുന്നു. നമ്മള്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചു. സൈക്കിള്‍ യുഗത്തില്‍ നിന്ന് സ്പേസ് യുഗത്തിലേക്ക് മറുവാന്‍ നമുക്ക് സാധിച്ചുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്താനം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ബോബി പാറയില്‍ സ്വാഗതം പറഞ്ഞു. ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, ഒ.ഐ.സി.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, ഒ.ഐ.സി.സി. ഗ്ലോബല്‍ സെക്രട്ടറി കെ.സി ഫിലിപ്പ്, ഒ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം, വൈസ് പ്രസിഡന്റ് രവി കണ്ണൂര്‍, മാത്യൂസ് വാളക്കുഴി, രവി സോള, ഇബ്രാഹിം അദ്ഹം, ഷാജി തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ബി.എഫ്.സിയുടെ സഹകരണത്തോടെ പ്രമുഖ കലാകാരന്‍ ദിനേശ് മാവൂര്‍ അവതരിപ്പിച്ച സാന്റ് ആര്‍ട്ടിലൂടെ സ്വാതന്ത്ര്യ സമര സേനാനികളെയും, സ്വാതന്ത്ര്യ സമര മുഹൂര്‍ത്തങ്ങളെയും അവതരിപ്പിച്ചു. രാജീവ് വെള്ളിക്കൊത്ത്, രവി മാരെത്ത് എന്നിവര്‍ അവതാരകരായി.