മനാമ: സമൂഹത്തിന്റെ ഭാവി കരുത്തുറ്റ സ്ത്രീകളില്‍ ആണെന്ന് കേരളത്തിലെ പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ: എം. ജി. മല്ലിക. അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ഫ്രണ്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ റിഫ ഏരിയ വനിതാ വിഭാഗം 'അതിജീവിക്കാന്‍ കരുത്തുള്ളവള്‍' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. നാളെയുടെ വാഗ്ദാനങ്ങളായ പെണ്‍കുട്ടികള്‍ക്ക് ഏത് സാഹചര്യത്തിലും ധീരമായ നിലപാടുകള്‍ എടുക്കാനും സ്‌നേഹവും ധര്‍മ്മവും പകര്‍ന്നുനല്‍കാനുമുള്ള പാഠശാലകളായി ഓരോ കുടുംബങ്ങളും മാറേണ്ടത് ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീ പ്രകൃതിപരമായി തന്നെ കരുത്തുള്ളവള്‍ ആണെന്നും, മനുഷ്യ സമൂഹം പ്രതിസന്ധിയില്‍ അകപെടുന്ന സമയങ്ങളിലെല്ലാം സ്ത്രീകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും മുഖ്യ പ്രഭാഷകയായിരുന്ന സാമൂഹിക പ്രവര്‍ത്തക എ. റഹ്മത്തുന്നിസ ടീച്ചര്‍ തന്റെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. സമീപ കാലത്ത് നടന്ന പല സമരചരിത്രങ്ങളും കാണിച്ചു തരുന്നതും അത്തരം കരുത്തുറ്റ പെണ്‍കുട്ടികള്‍ നമുക്കിടയില്‍ തന്നെ ഉണ്ട് എന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കെ. എം .സി.സി ബഹ്‌റൈന്‍ വനിതാ വിഭാഗം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹ്‌സിന ഫൈസല്‍, കേരളീയ സമാജം വനിതാ വിഭാഗം മുന്‍ പ്രസിഡന്റ് മോഹിനി തോമസ്, എഴുത്തുകാരി സ്വപ്ന വിനോദ്, ഷിഫ സുഹൈല്‍, ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഷേര്‍ളി സലിം, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം വൈസ് പ്രസിഡന്റ് സാജിത സലീം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. റസിയ പരീദ് കവിത ആലപിക്കുകയും സല്‍മ ഫാത്തിമ സലീം ചിത്ര പ്രദര്‍ശനം നടത്തുകയും ചെയ്തു.

സൗദ പേരാമ്പ്ര അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏരിയാ പ്രസിഡന്റ് ബുഷ്‌റ റഹീം സ്വാഗതവും എക്‌സിക്യൂട്ടിവ് അംഗം ഹസീബ ഇര്‍ഷാദ് നന്ദിയും പറഞ്ഞു. നജ്ദ റഫീഖ് പ്രാര്‍ഥന ഗീതം ആലപിച്ചു.  ഷൈമില നൗഫല്‍, നുസ്ഹ കമറുദ്ദീന്‍, നസീറ ഷംസുദ്ദീന്‍ എന്നിവര്‍ പരിപാടി നിയന്ത്രിക്കുകയും സഈദ റഫീഖ്, റംല ഖമറുദ്ദീന്‍, ഫാത്തിമ സാലിഹ്, ഷിജിന ആഷിഖ്, റുഫൈദ റഫീഖ്, ലുലു അബ്ദുല്‍ ഹഖ്, സോന സക്കരിയ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കുകയും ചെയ്തു.