അല്‍കോബാര്‍ : ഇന്നലെ പുലര്‍ച്ചെ തന്നെ മലപ്പുറത്തെ ജനഹിതമറിയാന്‍ ഐക്യമുന്നണി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ തല്‍സമയ വാര്‍ത്താ ബുള്ളറ്റിനുകളിലും സജീവമായിരുന്നു.പ്രവൃത്തി ദിനമായത് കാരണം ചിലര്‍ ലീവെടുത്ത് വരെ വിജയാഘോഷം കെങ്കേമമാക്കാന്‍ തയ്യാറായി നിന്നു.പച്ച ലഡുവും പായസവുമൊക്കെ വിതരണം നടത്തി പല ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും കെ.എം.സി.സി പ്രവര്‍ത്തകര്‍ പ്രിയപ്പെട്ട കുഞ്ഞാപ്പയുടെ വമ്പിച്ച വിജയം ഉത്സവമയമാക്കി. കെ.എം സി.സി യുടെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകീട്ട്  വിജയഹ്ലാദ സംഗമങ്ങള്‍  സംഘടിപ്പിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തില്‍ കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി  നേതാക്കള്‍ സന്തോഷം പങ്കുവെച്ചു.ഫാസിസത്തെ  തടയാനുള്ള പാതയില്‍ ഇ അഹമദ് തുടങ്ങി വച്ച രാഷ്ട്രീയ ഉത്തരവാദിത്വം പൂര്‍ത്തീകരിക്കാന്‍ മലപ്പുറത്തെ മതേതര  ജനത അര്‍പ്പിച്ച വിശ്വാസം  കാത്ത് സൂക്ഷിക്കാന്‍   അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ഭാരവാഹികളായ ഖാദര്‍ ചെങ്കള ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

മലബാറിലെ ജനങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയത് രാഷ്ട്രീയ വിജയമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ  ഫാസിസത്തെയും സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന രാഷ്ട്രീയ ഫാസിസത്തെയുമാണ്  ഒറ്റക്കെട്ടായി മലപ്പുറത്തെ മതേതര ജനത പരാജയപ്പെടുത്തിയതെന്ന് കെ.എം.സി.സി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ വ്യക്തമാക്കി. വമ്പിച്ച വിജയം നേടിയ പി.കെ കുഞ്ഞാലിക്കുട്ടിയെയും വിജയത്തിനായി ഒറ്റക്കെട്ടായി പ്രചാരണം നടത്തിയ മലപ്പുറത്തെ ഐക്യമുന്നണിയുടെ മുഴുവന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും ഭാരവാഹികളായ റഫീക്ക് പോയില്‍ തൊടി,സിറാജ് ആലുവ, റസല്‍ ചുണ്ടാക്കാടന്‍ എന്നിവര്‍ വ്യക്തമാക്കി 

ജനാധിപത്യത്തില്‍ നിന്നും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന മോഡിക്കും കൂട്ടര്‍ക്കും പിന്നോക്ക ന്യൂനപക്ഷങ്ങളുടെ ദൈനദിന ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നതും നീതീ നടപ്പാക്കാതെ കൈയ്യോഴിയുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടി നല്‍കി മലപ്പുറത്തെ മതേതര മനസ്സുകളോട് ഐക്യപ്പെടുന്നതായി കെ.എം.സി.സി റാക്ക യൂണിറ്റ് ഭാരവാഹികളായ ഇഖ്ബാല്‍ ആനമങ്ങാട്,കലാം മീഞ്ചന്ത,അബ്ദുല്‍ ജബ്ബാര്‍ കാസര്‍ഗോഡ് എന്നിവര്‍ വ്യക്തമാക്കി'.

ഇ അഹമദ് സാഹിബെന്ന ലോകം ദര്‍ശിച്ച മികച്ച ഭാരതീയന്റെ സ്മരണകളിലും വികസനരംഗത്ത് മികവ് പ്രകടിപ്പിച്ച  രാഷ്ട്രീയ നേതാവായ കുഞ്ഞാലിക്കുട്ടിയിലുമുള്ള മലബാറിന്റെ മതേതര മനസ്സുകളുടെ ഐക്യപ്പെടലാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയമെന്ന് കെ.എം.സി.സി  എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളായ മുസ്തഫാ കമാല്‍, ഷഫീക്ക് സലിം എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി