മലപ്പുറം: കോവിഡ് പ്രതിസന്ധിയിലകപ്പെട്ട് സൗദിയിലെ തൊഴില്‍ മേഖലയിലേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് ബലി പെരുന്നാള്‍ ദിനങ്ങളില്‍ സമാശ്വാസമേകി അല്‍കോബാര്‍ കെഎംസിസി കേന്ദ്രകമ്മിറ്റി. ഹൗസ് ഡ്രൈവര്‍മാര്‍ അടങ്ങുന്ന സാധാരണക്കാരായ പ്രവാസികള്‍ക്കുള്ള സാന്ത്വന സ്പര്‍ശം ധനസഹായം മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങില്‍ കേരള വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ഒരു വര്‍ഷത്തിലേറെയായി സൗദിയിലെ പ്രവാസി തൊഴില്‍ മേഖലയില്‍ സാധാരണക്കാരായ പ്രവാസികള്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവരെ സംരക്ഷിക്കാന്‍ വേണ്ടത്ര താല്‍പര്യം കാണിക്കത്ത ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി കെഎംസിസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്നു റഷീദ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

2020 മാര്‍ച്ച് മുതല്‍ ജോലി പ്രതിസന്ധി നേരിട്ട് നാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ വിവിധ ഏരിയാ കമ്മിറ്റികളുടെ സഹകരണത്തോടെ സമാഹരിച്ച തുകയുടെ മൂന്നാം ഘട്ട വിതരണമാണ് വരുന്ന ബലി പെരുന്നാള്‍ ആഘോഷ ദിനങ്ങളില്‍ നല്‍കുന്നതെന്ന് ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ വ്യക്തമാക്കി. സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി അംഗം മരക്കാര്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലാം ഹാജി കുറ്റിക്കാട്ടൂര്‍, അക്രബിയ ഏരിയാ പ്രസിഡന്റ് ഇസ്മായില്‍ പുള്ളാട്ട് കണ്ണമംഗലം, മൊയ്തീന്‍ കോയ ചെട്ടിപ്പടി, സുഹൈ ല്‍ കുന്നമംഗലം എന്നിവര്‍  സംസാരിച്ചു.