അല്‍കോബാര്‍: കേരളത്തിന്റെ സമഗ്ര വികസനത്തിനും സമാധാന ജീവിതത്തിനും കേരളജനത ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ടു നല്കുമെന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാധ്യമ വക്താവുമായ ഷാഫി ചാലിയം അഭിപ്രായപ്പെട്ടു. അല്‍കോബാര്‍ കെഎംസിസി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയത വളര്‍ത്തുന്ന ബിജെപിയും രാഷ്ട്രീയ ഫാസിസം നടത്തുന്ന ഇടതു മുന്നണിയും കേരളത്തിലെ വിശ്വാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ശത്രുക്കളായി മാറുന്ന അവസ്ഥയാണ് കന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസി നീതി നിഷേധത്തിന്റെ നാളുകള്‍ ആയിരുന്നു കോവിഡ് കാലത്ത് സംഭവിച്ചതെന്നും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സംരക്ഷണം നല്‍കാതെ അക്രമകാരികള്‍ക്ക് പിന്തുണ നല്കുന്ന ആഭ്യന്തര വകുപ്പിന്റെ തലവനായി മുഖ്യമന്ത്രി മാറിയെന്നു ചടങ്ങില്‍ സംസാരിച്ച കോഴിക്കോട് സൗത്ത് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. ഇതിനെതിരായും സ്ത്രീകള്‍ക്ക് മികച്ച ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച ഐക്യമുന്നണിക്ക് അനുകൂലമായും കടന്നുവരുന്ന സ്ത്രീജനങ്ങളെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ദര്‍ശിക്കാനായതെന്നും അവര്‍ വ്യക്തമാക്കി.
കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് നേതാവ് സഹീര്‍ നല്ലളം സംസാരിച്ചു. സിദ്ധീഖ് പാണ്ടികശാല അധ്യക്ഷത വഹിച്ച കണ്വെന്ഷന് കിഴക്കന്‍ പ്രവിശ്യാ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു. ആലിക്കുട്ടി ഒളവട്ടൂര്‍,സുലൈമാന്‍ കൂലെരി, മാമു നിസാര്‍, ഖാദി മുഹമ്മദ്, മരക്കാര്‍ കുട്ടി ഹാജി, നാസര്‍ ചാലിയം, ശബ്നാ നജീബ്, കലാം മീഞ്ചന്ത എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു.