ദമ്മാം: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തിലും കാലവര്‍ഷക്കെടുതിയില്‍ മൂന്നാര്‍ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലിലും കിഴക്കന്‍ പ്രവിശ്യാ കെഎംസിസിയും അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിയും നടുക്കം രേഖപ്പെടുത്തി.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങവേ ഉണ്ടായ അപകടം ദുഃഖാര്‍ത്തമാണ്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്കും ഗുരുതര പരിക്കുകള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആശ്വാസ ധനം കാലതാമസം കൂടാതെ എത്തിച്ചു നല്‍കണമെന്നും പ്രവിശ്യാ കെഎംസിസി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
കോവിഡ് മഹാമാരിയും കാലവര്‍ഷക്കെടുതിയും പ്രയാസത്തിലാക്കിയ മലയോരമേഖലയിലെ ആദിവാസികളടക്കമുള്ള തോട്ടം തൊഴിലാളികള്‍ക്ക് നേരിട്ട ദുരന്തം ഞെട്ടലുളവാക്കിയെന്ന് അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവര്‍ വ്യക്തമാക്കി. കൊണ്ടോട്ടിയിലും രാജമലയിലും ആദ്യഘട്ടത്തില്‍ത്തന സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ എല്ലാവര്‍ക്കും പ്രവാസ ലോകത്തെ കൃതജ്ഞത രേഖപ്പെടുന്നതായും കെഎംസിസി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.