റിയാദ്: സൗദി അറേബ്യ- ബഹ്റൈന്‍ എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് ക്രോസ് വേ ജൂലൈ 27ന് യാത്രക്കാര്‍ക്കായി വീണ്ടും തുറന്നുകൊടുക്കുമെന്ന് ബഹ്റൈന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഏഴിന് അടച്ചിട്ടതായിരുന്നു പാലം. ബഹ്റൈന്‍ വിനോദ ടൂറിസം വിഭാഗം സന്ദര്‍ശകരെ സ്വീകരിക്കുവാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് കിംഗ് ഫഹദ് പാലം വീണ്ടും തുറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

2019ല്‍ പതിനൊന്ന് ദശലക്ഷം ടൂറിസ്റ്റുകളെയാണ് ബഹ്റൈന്‍ സ്വീകരിച്ചത്. അതില്‍ ഒമ്പത് ദശലക്ഷം സന്ദര്‍ശകരും സൗദി പൗരന്മാരാണ്. ഇവരില്‍ ഭൂരിപക്ഷം പേരും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ വഴിയാണ് ബഹ്റൈനിലെത്തിയത്.

ബഹ്റൈന്‍ ടുറിസം മേഖലയുടെ 6.3 ശതമാനം വാര്‍ഷിക വരുമാനവും വരുന്നത് ഈ പാലം വഴിയാണ്. 13 ബില്യണ്‍ ഡോളറിന്റെ മൂല്യമാണ് കിംഗ് ഫഹദ് കോസ്വേ വഴിയുള്ള ടുറിസത്തിലൂടെ ബഹ്റൈനിലെത്തുന്നത്. ശരാശരി ഓരോ ദിവസവും 75,000 യാത്രക്കാര്‍ ഇതിലൂടെ കടന്നുപോകുന്നുവെന്നാണ് ഔദ്യോഗീക കണക്ക്.

Content Highlights: King Fahd Causeway likely to reopen by end of July