റിയാദ്: സാര്‍വ്വദേശീയ തൊഴിലാളി ദിനത്തിന്റെ സ്മരണ പുതുക്കി റിയാദില്‍ കേളി മെയ്ദിനാചരണം സംഘടിപ്പിച്ചു. മെയ്ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈനില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ കേളി രക്ഷാധികാരി കെ.പി.എം സാദിഖ് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗം സതീഷ്‌കുമാര്‍ മെയ്ദിന സന്ദേശം നല്‍കി. 

ചിക്കാഗോയില്‍ രക്തം ചിന്തിയവരുടേയും ലോകത്താകമാനം തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പോരാടി വീരമൃത്യുവരിച്ച തൊഴിലാളികളുടേയും വീരസ്മരണക്കു മുന്‍പില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും മെയ്ദിന സന്ദേശത്തില്‍ പറഞ്ഞു. ലോകം കണ്ട വന്‍ ദുരന്തങ്ങളിലൊന്നായ കോവിഡ്-19 കൊറോണ വൈറസിനെ നേരിടാന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകരോടും തൊഴിലാളികളോടുമുള്ള നന്ദിയും ഐക്യദാര്‍ഡ്യവും, ഈ മഹാവ്യാധിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ അനുശോചനവും യോഗം രേഖപ്പെടുത്തി.

രക്ഷാധികാരി സമിതി അംഗം ടി.ആര്‍.സുബ്രഹ്മണ്യന്‍  മുഖ്യ പ്രഭാഷണം നടത്തി. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍ തയ്യാറാക്കിയ മെയ്ദിന വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കേളി ജോ: സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കുടുംബവേദി സെക്രട്ടറി സീബാ കൂവോട് നന്ദിയും പറഞ്ഞു.