റിയാദ്:  സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തിന് അപമാനകാരമാണെന്നും അത് ആവര്‍ത്തിക്കുന്നത് തടയാന്‍ സര്‍ക്കാരും ഉത്തരവാദപ്പെട്ടവരും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കേളി കലാസാംസ്‌കാരിക വേദിയുടെ കുടുംബ കൂട്ടായ്മയായ കേളി കുടുംബവേദി ആവശ്യപ്പെട്ടു. 

കഴിഞ്ഞ കുറച്ചു നാളുകളായി സ്ത്രീധനത്തിന്റെ പേരില്‍ കേരളത്തില്‍  നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും  അക്ഷരാര്‍ത്ഥത്തില്‍ നമ്മളെയെല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും അതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ടെങ്കില്‍, ഇതൊരു സാമൂഹിക വിപത്താണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ ഓരോരുത്തരും മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണ്.


പെണ്ണെന്നത് വിവാഹ കമ്പോളത്തിലെ വില്‍പ്പനയ്ക്ക് വെച്ച വസ്തുവല്ലെന്ന് തിരിച്ചറിയേണ്ടത് മാതാപിതാക്കളും പെണ്‍കുട്ടികളും തന്നെയാണ്. ചെറുപ്പം മുതല്‍ തന്നെ കുട്ടികളില്‍, അത് ആണായാലും പെണ്ണായാലും സ്വന്തം കാലില്‍ നില്‍ക്കാനും അനീതികാണുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാനുമുള്ള കഴിവ് വളര്‍ത്തിയെടുക്കേണ്ട വിധത്തില്‍ നമ്മുടെ ഗൃഹാന്തരീക്ഷം മാറേണ്ടതുണ്ട്. വീട്ടകങ്ങള്‍ അതിനുള്ള ചര്‍ച്ചാവേദിയായി മാറ്റണം. പെണ്‍കുട്ടികള്‍ക്ക് പഠിച്ചു സ്വന്തമായി ജോലി സമ്പാദിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനുമുള്ള  കരുത്തു നല്‍കേണ്ടത്  മാതാപിതാക്കളും സമൂഹവുമാണ്. 

സ്ത്രീധനത്തിന്റെ പേരിലുള്ള  ഇത്തരം മരണങ്ങള്‍ ഇനിയെങ്കിലും  ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി  പറഞ്ഞതുപോലെ കുടുംബത്തിന്റെ  മഹിമ  അളക്കാനുള്ള  അളവുകോല്‍  ആകരുത്  പെണ്‍കുട്ടികളുടെ ജീവിതം. സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ പൊലിഞ്ഞ ഓരോ പെണ്‍കുട്ടിക്കും നീതി ലഭിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹവും അധികാരികളും  കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേളി കുടുംബവേദി ആവശ്യപ്പെട്ടു.