റിയാദ് : റിയാദ് കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷംതോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസമേന്മാ പുരസ്‌കാര (2019 -20) വിതരണം മലപ്പുറത്തെ കുറ്റിപ്പുറത്ത് നടന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി മുസാഹ്മിയ ഏരിയ അംഗമായ അബ്ദുള്‍ റസാഖിന്റെ മകള്‍ ഷാഹിദയ്ക്കാണ് പുരസ്‌കാരം കൈമാറിയത്.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന്  മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

സിപിഎം കുറ്റിപ്പുറം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന ട്രഷററും സിപിഎം കുറ്റിപ്പുറം ലോക്കല്‍ സെക്രട്ടറിയുമായ ദിനേശാണ് പുരസ്‌കാരം കൈമാറിയത്. കേളി മുന്‍ ജോയിന്റ് സെക്രട്ടറി അയ്യപ്പന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഎം കുറ്റിപ്പുറം ലോക്കല്‍ കമ്മിറ്റി അംഗം കെ.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കേളി മുന്‍ വൈസ് പ്രസിഡന്റ് അലി പട്ടാമ്പി, വി.പി.സക്കീര്‍ എന്നിവര്‍  ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങിന് ഷാഹിദ നന്ദി പറഞ്ഞു.

Content Highlights: Keli Educational Award Presented