റിയാദ്: വാഹനാപകടത്തില്‍ മരണപ്പെട്ട കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ വാദിലബന്‍ യൂണിറ്റ് അംഗമായിരുന്ന മുഹമ്മദ് ഷാന്റെയും ഭാര്യ ഹസീനയുടെയും വിയോഗത്തില്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം ചേര്‍ന്നു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പാലത്തിനു സമീപം മുഹമ്മദ് ഷാനും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെയ്‌നര്‍ ലോറിക്ക് അടിയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. ഇരുവരും അപകടസ്ഥലത്തു തന്നെ മരണപ്പെട്ടു. മുഹമ്മദ് ഷാന്‍ 4 വര്‍ഷമായി വാദിലബനില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ കേളി ബദിയ ഏരിയ വൈസ് പ്രസിഡണ്ട് പ്രസാദ് വഞ്ചിപ്പുര അധ്യക്ഷനായിരുന്നു. കേളി പ്രസിഡണ്ട് ചന്ദ്രന്‍ തെരുവത്ത്, ഏരിയ ട്രഷറര്‍ പി.എം.മുസ്തഫ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ അലി കെ വി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ മധു പട്ടാമ്പി, ഏരിയ കമ്മറ്റി അംഗം സരസന്‍, സൗദി പൗരന്‍ ആയിത് ഷഹരി എന്നിവര്‍ അനുസ്മരണ യോഗത്തില്‍ സംസാരിച്ചു.