റിയാദ് : കശ്മീർ വിഷയത്തിൽ ഗൾഫ് നാടുകൾ പാകിസ്താന്റെ വാദങ്ങൾ തള്ളുന്നു. റിയാദിലെ പാകിസ്താൻ കോൺസുലേറ്റിൽ കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരേ കരിദിനം ആചരിക്കാനുള്ള പരിപാടിക്ക് സൗദി അനുമതി നിഷേധിച്ചു.

സൗദി അറേബ്യ പുറത്തിറക്കിയ പുതിയ കറൻസിയിലെ ലോക ഭൂപടത്തിൽ കശ്മീർ പാകിസ്താന്റെ ഭാഗമായല്ല അടയാളപ്പെടുത്തിയത് എന്നതും നയവ്യതിയാനത്തിന്റെ പ്രത്യക്ഷ ഉദാഹരണമായി.

കുറെ മാസങ്ങളായി വിവിധ വിഷയങ്ങളിൽ പാകിസ്താനുമായി അഭിപ്രായ വ്യത്യാസത്തിലാണ് സൗദി അറേബ്യ. ആ അഭിപ്രായ വ്യത്യാസങ്ങൾ സൗദി-പാക് നയതന്ത്ര ബന്ധത്തിൽ കാര്യമായ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്.

ഇസ്‌ലാമിക രാജ്യങ്ങളിൽ കശ്മീർ വിഷയം ഉയർത്തി ഇന്ത്യയ്ക്കെതിരായ വികാരം ഉയർത്തുക എന്നത് എല്ലാ കാലത്തും പാകിസ്താൻ സ്വീകരിക്കുന്ന നിലപാടാണ്. എന്നാൽ ആ നിലപാടിന് സൗദി അറേബ്യ പിന്തുണ നൽകുന്നില്ലെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്.

കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരേ കരിദിനം ആചരിക്കാനായി റിയാദിലെ പാക് കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിക്ക് സൗദി ഭരണകൂടം കഴിഞ്ഞ ദിവസമാണ് അനുമതി നിഷേധിച്ചത്.

സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വയെ ചർച്ചകൾക്കായി സൗദിയിലേക്ക് അയച്ച് പാകിസ്താൻ പിണക്കം മാറ്റാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വായ്പയായി നൽകിയ 5936 കോടി രൂപ വേഗത്തിൽ തിരികെ നൽകണം എന്ന നിലപാടാണ് സൗദി ഭരണകൂടം സ്വീകരിച്ചത്. പാകിസ്താൻ തുർക്കിയുമായി അടുക്കുന്നതും സൗദി അറേബ്യയെ പ്രകോപിപ്പിച്ചു.