ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം ''ഫ്ലവേഴ്സ് ഓഫ് ഇന്ത്യ'' എന്ന പേരില്‍ ഇന്ത്യയുടെ രുചി വൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അടുക്കുന്ന വേളയോട് അനുബന്ധിച്ച്  ''ആസാദി കാ അമൃത് മഹോല്‍ത്സവ്'' എന്ന പേരില്‍ നടത്തപ്പെടുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ജിദ്ദ ഇന്ത്യന്‍ ഫ്രറ്റേര്‍ണിറ്റി ഫോറം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന  രുചികൂട്ടുകള്‍ ഒരു കുടകീഴില്‍ സമ്മേളിപ്പിക്കുന്നത്.

ഈ മാസം പതിനഞ്ചാം തീയതി വെള്ളിയാഴ്ച ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളും പാചക വിദഗ്ധരും പരിപാടിയുടെ ഭാഗമാകും.

വൈകിട്ട് 5 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും രുചികൂട്ടുകളുടെ പ്രദര്‍ശനം ഉണ്ടായിരിക്കുക. കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യ അതിഥിയായിരിക്കും. സൗദി വെസ്‌റ്റേണ്‍ റീജിയനിലെ സാമൂഹിക, സാംസ്‌കാരിക, വ്യവസായിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംമ്പന്ധിക്കും.

ഭക്ഷണ സ്റ്റാളുകള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ തരത്തിലുള്ള ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ ഫ്രറ്റേര്‍ണിറ്റി ഫോറം ഭാരവാഹികളായ ഫയാസ് അഹമ്മദ് ചെന്നൈ, ഇഖ്ബാല്‍ ചെമ്പന്‍ എന്നിവര്‍ അറിയിച്ചു.