ജിദ്ദ: ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായ കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി സാമൂഹിക സുരക്ഷ പദ്ധതിയുടെ 2018 വര്‍ഷത്തേക്കുള്ള അംഗത്വ കാമ്പയിന്‍ ആരംഭിച്ചു. 

ജിദ്ദയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി മുഹമ്മദ് കുട്ടിക്ക് അപേക്ഷ ഫോം നല്‍കിയാണ് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന അംഗത്വ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തതത്. 

നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, മുജീബ് പൂക്കോട്ടൂര്‍, ജമാല്‍ വട്ടപ്പൊയില്‍, സി.കെ ഷാക്കിര്‍, അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, കുഞ്ഞിമോന്‍ കാക്കിയ  തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അംഗങ്ങളായി മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപയും മാരക രോഗത്തിന് ചികില്‍സാ സഹായവും നല്‍കുന്നതാണ് സഊദി കെ.എം.സി.സിയുടെ സാമൂഹിക സുരക്ഷ പദ്ധതി. ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ അപേക്ഷ ഫോമിലെ നിബന്ധനകള്‍ക്ക് വിധേയമായി സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് പദ്ധതിയില്‍ അംഗത്വം നല്‍കും. 

കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേനയാണ് അംഗത്വ ഫോമുകള്‍ വിതരണം ചെയ്യുന്നത്. ഏരിയ, ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ അപേക്ഷാ ഫോമുകള്‍ക്ക് അതാത് സെന്‍ട്രല്‍ കമ്മിറ്റിയെ ബന്ധപ്പെടണം. 

www.mykmcc.org എന്ന വെബ്സൈറ്റില്‍ ഇഖാമ നമ്പര്‍, അംഗത്വ നമ്പര്‍ ഇവയിലേതെങ്കിലും നല്‍കി അംഗത്വ വിവരം പരിശോധിക്കാം. അംഗത്വം സ്വീകരിച്ച വിവരം അപേക്ഷയില്‍ നല്‍കപ്പെട്ട മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ് വഴി അറിയിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസമ്പര്‍ ഒന്ന് മുതല്‍ സ്വകീരിക്കും. 

ഡിസംബര്‍ 30ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
ഡിംസബര്‍ 15-ന് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ നടക്കുന്ന സൗദി കെ.എം.സി.സി ''കാരുണൃദിനം'' 38-ാം വാര്‍ഷിക സമ്മേളനത്തില്‍ 2017 വര്‍ഷത്തില്‍ മരണപ്പെട്ട മുപ്പതോളം പേരുടെ കുടുംബങ്ങള്‍ക്കുള്ള ഫണ്ട് വിതരണം ചെയ്യുമെന്നും 2018 വര്‍ഷത്തെ കാമ്പയില്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രസിഡണ്ട് കെ.പി. മുഹമ്മദ്കുട്ടിയും ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടും അറിയിച്ചു.