ജിദ്ദ: ജിദ്ദയിലെ അറിയപ്പെടുന്ന കെട്ടിടമായ 'കപ്പല്‍ ബില്‍ഡിംഗ്'' പൊളിച്ചുനീക്കി. ആവശ്യമായ അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ കെട്ടിടത്തിന്റെ ഉടമകളുടെ ഭാഗത്തുനിന്നുള്ള പരാജയമാണ് പൊളിച്ചുമാറ്റാന്‍ കാരണമെന്ന് ജിദ്ദ മുനിസിപ്പല്‍ അധികൃതര്‍ ട്വിറ്റര്‍ അക്കൗണ്ടിലുടെ അറിയിച്ചു. 

ദീര്‍ഘനാളുകളായി ആവശ്യമായ അനുമതി നേടുന്നതിന് മുനിസിപ്പല്‍ അധികൃതര്‍ കെട്ടിട ഉടമയോട് ആവശ്യപ്പെടിരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ കപ്പലിന്റെ മാതൃകയിലുള്ളതും സ്വദേശികളും വിദേശികളും ഒരുപോലെ ഷിപ്പ് ബില്‍ഡിംഗ്(കപ്പല്‍ ബില്‍ഡിംഗ്) എന്നപേരില്‍ വിളിക്കുന്നതുമായ കെട്ടിടമാണിത്.

പ്രത്യേകം പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നുമടക്കമുള്ള കാര്യങ്ങള്‍ ചെയ്തു പൂര്‍ത്തിയാക്കുമെന്ന് നേരത്തെ കെട്ടിട ഉടമ സമ്മതിച്ചിരുന്നുവെങ്കിലും ഇത് പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തിലാണ് കെട്ടിടം പൊളിച്ചുമാറ്റല്‍ നടപടി മുനിസിപ്പാലിറ്റി തുടങ്ങിയതതെന്നാണ് അധികൃതര്‍ പറയുന്നത്.

ഏകദേശം 18 വര്‍ഷം പഴക്കമുള്ളതാണ് കപ്പല്‍ ബില്‍ഡിംഗ് കെട്ടിടം. പ്രാരംഭ കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും മാസങ്ങള്‍ മാത്രമേ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നുള്ളൂ. അറിയപ്പെടുന്ന ഒരു ബിസിനസുകാരന്റെ ഉടമസ്ഥതയില്‍ ഒന്നിലധികം റെസ്റ്റോറന്റുകള്‍ നടത്തുവാന്‍ ഇവിടെ പദ്ധതിയിട്ടിരുന്നു.

എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ബിസിനസുകാരനെതിരെ കേസുണ്ടാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ അദ്ദേഹം തനിക്കെതിരെ കേസെടുത്തതിനെത്തുടര്‍ന്ന് സൗദിയില്‍നിന്നും വിദേശത്തേക്കു കടന്നുകളയുകയായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. സൗദിയില്‍ ഒരു നിക്ഷേപ സ്വത്തായിട്ടാണ് ഈ കെട്ടിടം നിര്‍മ്മിച്ചതെങ്കിലും അത് തെളിയിക്കാന്‍ ഉടമയ്ക്കായിരുന്നില്ല എന്നും വാര്‍ത്തയുണ്ട്.

Content Highlights: Jeddah's 'ship' building dismantled