റിയാദ്: സൗദിയില്‍ മതകാര്യ പോലീസില്‍ വനിതകളെയും നിയമിക്കും. നേരത്തെ പുരുഷന്‍മാര്‍ മാത്രമായിരുന്നു മതകാര്യ പോലീസില്‍ ഉണ്ടായിരുന്നത്. സൗദിയിലെ എല്ലാ പ്രവിശ്യയിലും വനിതാ മതകാര്യ പോലീസിനെ നിയമിക്കുവാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. മതകാര്യ പോലീസ് വിഭാഗത്തില്‍ ഉടന്‍തന്നെ വനിതകളെയും നിയമിക്കുമെന്ന് മതകാര്യ പോലീസ് മേധാവിയാണ് അറിയിച്ചിരിക്കുന്നത്. 

ബോധവല്‍ക്കരവും, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതുമടക്കമുള്ള മേഖലകളിലാണ് മതകാര്യ പോലീസിന്റെ സേവനമുള്ളത്. മതകാര്യ പോലീസില്‍ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് മതകാര്യ പോലീസ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സനദ് ആണ് വെളിപ്പെടുത്തിയത്. 

റിയാദിലാണ് മതകാര്യ പോലീസിന്റെ പ്രധാന ആസ്ഥാനം. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ മതകാര്യ പോലീസിന്റെ ശാഖകളും പ്രവൃത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം വനിതകളെ നിയമിക്കും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മതകാര്യ പോലീസിനെ നിയമിക്കുക.

അതേസമയം നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും മതകാര്യ പോലീസിന് അധികാരമുണ്ടായിരിക്കില്ല. അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട വിഭാഗത്തിനെ മതകാര്യ പോലീസിന് അറിയിക്കാവുന്നതാണ്.