ജിദ്ദ: സൗദി അറേബ്യയുടെ തലസ്ഥാനനഗരമായ റിയാദിനെ, പടിഞ്ഞാറന്‍ തീരനഗരമായ ജിദ്ദയുമായി റെയില്‍ വഴി ബന്ധിപ്പിക്കുന്നു. അതോടൊപ്പം പുതിയ ദേശീയ വിമാനവാഹിനി സ്ഥാപിക്കുമെന്നും സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സ്വാലിഹ് അല്‍ ജാസര്‍ അറിയിച്ചു. ഗതാഗത, ലോജിസ്റ്റിക്സിനായുള്ള സൗദിയുടെ ദേശീയതന്ത്രത്തിന്റെ ഭാഗമായാണ് ഈ അഭിലാഷ പദ്ധതികള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് റോഡ് ശൃംഖലയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുപുറമെ, രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലാന്‍ഡ് ബ്രിഡ്ജ് പദ്ധതിയുടെ പൂര്‍ത്തീകരണമാണ് ഇതില്‍ പ്രധാനം. ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമുകളും സോണുകളും വ്യോമയാനത്തിനായി അന്താരാഷ്ട്ര കേന്ദ്രങ്ങളും സ്ഥാപിക്കുന്നത് പദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്ന് അല്‍ ജാസര്‍ പറഞ്ഞു.

തുറമുഖ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും ശേഷി വിപുലീകരിക്കുന്നതിനും സുസ്ഥിര വികസനത്തിന് സഹായകമായ നിക്ഷേപ ശേഷികള്‍ പ്രാപ്തമാക്കുന്നതിലൂടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാകും. സുപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലൂടെ സൗദി നഗരങ്ങളിലെ ജീവിതനിലവാരം ഉയര്‍ത്തുവാന്‍ ഉപകരിക്കുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. റോഡുകളിലെ അപകട മരണനിരക്ക് 52 ശതമാനം കുറയ്ക്കുക, ഇന്ധന ഊര്‍ജജ ഉപഭോഗം 25 ശതമാനം കുറയ്ക്കുക, നഗരങ്ങളിലെ മൊത്തം യാത്രകളില്‍നിന്ന് പൊതുഗതാഗതത്തിന്റെ വിഹിതം 15 ശതമാനത്തിലേക്ക് ഉയര്‍ത്തുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്.