ജിദ്ദ: ഇത്തവണ ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കാന്‍ അനുമതി ലഭിച്ച എല്ലാവരും കൊറോണക്കെതിരെയുള്ള പ്രതിരോധ വാക്സിന്‍ രണ്ടാം ഡോസ് കൂടി എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

ഹജ്ജ് അനുമതി ലഭിച്ചവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിനെടുക്കാനുള്ള അപ്പോയിന്റ്മെന്റിന് ഹജ്ജ് പെര്‍മിറ്റുകള്‍ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് പടരുന്നത് തടയുന്നതിനും തീര്‍ഥാടകരുടെ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നതിനുള്ള ഇരു ഹറം പരിപാലകന്‍ സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.

എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഹജ്ജ് അനുമതി ലഭിക്കുമ്പോള്‍, രണ്ട് ഡോസ് വാക്സിന്‍ അതിനകം പൂര്‍ത്തിയാക്കാത്തവര്‍ ഏതെങ്കിലും ഒരു വാക്സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച് രണ്ടാമത്തെ ഡോസ് പൂര്‍ത്തിയാക്കണം.

ആദ്യ കോവിഡ് വാക്സിനേഷന്‍ ഹജ്ജ് അനുമതി നേടുവാനുള്ള പ്രാഥമിക വ്യവസ്ഥയാണെന്നും, എന്നാല്‍ ഹജ്ജ് തീര്‍ഥാടകരെ തെരഞ്ഞെടുത്തവരായി പൂര്‍ണ്ണമായും പ്രാപ്തമാക്കുന്നതിന് രണ്ടാമത്തെ ഡോസ് വാക്സിനേഷന്‍ അത്യാവശ്യമാണെന്നും മന്ത്രാലയം പറഞ്ഞു.