ജിദ്ദ: സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ 12-നും 18-നും  ഇടയില്‍ പ്രായമുള്ള കൗമാരക്കാരായ നിരവധിപേര്‍ തിങ്കളാഴ്ച കോവിഡ് വാക്സിന്‍ സ്വീകരിച്ചു.

ഫൈസര്‍ വാക്സിനാണ് കൗമാരപ്രായക്കാര്‍ക്ക് നല്‍കിയത്. ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതിന് പിറകെ തവക്കല്‍ന, സൈഹാത്തി ആപ്പുകളില്‍ വാക്സിനേഷന്‍ ബുക്കിങ് സൗകര്യവും ഒരുക്കിയിരുന്നു.

ആദ്യ ഡോസ് സ്വീകരിക്കാനായി നിരവധി കൗമാരക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുകയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.

കൗമാരപ്രായക്കാര്‍ക്ക് വാക്സിന്‍ നല്‍കാമെന്ന് 2020 ഡിസംബറില്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കിയിരുന്നു. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയത്.

സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള 587 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി ഇതിനകം 17.2 മില്ല്യണ്‍ വാക്സിന്‍ ഡോസുകള്‍ തല്‍കിയതായി സൗദി ആരോഗ്യ മന്ത്രാലയം പറഞ്ഞു. വാക്സിന്‍ സ്വീകരിച്ചവര്‍ സൗദിയിലെ പ്രായപൂര്‍ത്തിയായ പൗരന്‍മാരുടെ 70 ശതമാനം വരുമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.