ജിദ്ദ: സൗദി അറേബ്യയിലെ അസീര്‍ മേഖലയിലുള്ള ഒരു സ്‌കൂള്‍ ലക്ഷ്യമിട്ട് ഹൂത്തിവിമതര്‍ തൊടുത്തുവിട്ട ഡ്രോണ്‍ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളും സംഘടനകളും അപലപിച്ചു. യെമനില്‍ നിന്നും അസീര്‍ ഗവര്‍ണറേറ്റിലെ ഒരു സ്‌ക്കൂളിനുനേരെ ഹൂത്തി ഡ്രോണ്‍ വന്ന് പതിച്ചതായും സ്‌ക്കൂളിന് കേടുപാടുകള്‍ സംഭവിച്ചതായും എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നും സൗദി സിവില്‍ ഡിഫെന്‍സ് ഇന്നലെ അറിയിച്ചിരുന്നു.

യുഎഇ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ അപലപിച്ചു. ഇത്തരം തുടര്‍ച്ചയായ കുറ്റകൃത്യങ്ങള്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും എതിരാണെന്ന് പ്രസ്താവിച്ചു. ഹൂത്തികളുടെ ആക്രമണങ്ങളെ നേരിടാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സൗദി അറേബ്യക്കുള്ള പിന്തുണ ബഹ്റൈനും അറിയിച്ചതായി ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മേഖലയിലെ സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അടിയന്തരമായി ഇടപെടണമെന്ന് അറബ് പാര്‍ലമെന്റ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടതായി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

ഹൂത്തി സൈനികരും അതിന് പിന്നിലുള്ളവരും ചെയ്ത കുറ്റകൃത്യങ്ങളെ സംഘടന അപലപിക്കുന്നതായി ഒ ഐ സി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ബിന്‍ അഹമ്മദ് അല്‍-ഒതൈമീന്‍ പറഞ്ഞു.