മക്ക: കഅബയുടെ മൂടുപടമായ കിസ്വയുടെ (എംബ്രോയിഡറി കവര്‍) കാലാനുസൃതമായ അറ്റകുറ്റപ്പണികളും കിസ്വയുടെ താഴത്തെ ഭാഗത്തിന്റ ഘടനാപരമായ ജോലികളും ആരംഭിച്ചു. ഇരു ഹറം പള്ളികളുടെ ചുമതല വഹിക്കുന്ന പൊതു പ്രസിഡന്‍സിയാണ് വിശുദ്ധ റമദാന്‍ മാസത്തിന്റെ തയ്യാറെടുപ്പിനായി അഞ്ച് ദിവസം നീണ്ടുതില്‍ക്കുന്ന അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.

വിശുദ്ധ റമദാന് മുന്നോടിയായി വര്‍ഷം തോറും നടക്കുന്ന അറ്റക്കുറ്റപ്പണിയാണ് നടന്നുവരുന്നത്. അടുത്ത അഞ്ച് ദിവസം കൊണ്ടാണ് ജോലികള്‍ പൂര്‍ത്തീകരിക്കുക. കിംഗ് അബ്ദുല്‍ അസീസ് കിസ്വ ഫാക്ടറി, ഹറം ഗാലറി, മ്യൂസിയം എന്നിവക്ക് കീഴിലുള്ള വിദഗ്ധരായ 14 തൊഴിലാളികളാണ് അറ്റകുറ്റപണിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഗുണനിലവാരം പരിശോധിക്കുന്ന ഒരു ഉദ്യോഗസ്ഥനും ഒരു ആരോഗ്യ വിദഗ്ധനും ജോലിയിലുണ്ട്.

കഅബാലയത്തെ പുതപ്പിച്ച വിരി അഴിച്ചുമാറ്റും. തുടര്‍ന്ന് വീണ്ടും നാനാവശങ്ങളില്‍നിന്നും ശാദിര്‍വാദനിലെ ഗോള്‍ഡന്‍ റിംഗിലേക്ക് ചേര്‍ത്ത് കറുത്ത നൂല്‍ കെട്ടി ബന്ധിപ്പിച്ച് ഉറപ്പിക്കുകയാണ് ചെയ്യുക എന്ന് കിസ്വ മെയിന്റിനെന്‍സ് വിഭാഗം മേധാവി ഫഹദ് അല്‍ജാബിരി പറഞ്ഞു. കറുത്ത ശിലയായ ഹജറുല്‍അസ്വദിന്റെയും റുകുനുല്‍ യെമാനിയ്യിന്റെയും സ്വര്‍ണം പൂശിയ വെള്ളി കൊണ്ടുള്ള ഫ്രെയിം അവിടെ നിന്നും മാറ്റും.

അറ്റക്കുറ്റപ്പണി പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും കഅബയിലടക്കം കിസ്വയിലെ പൊടിപടലങ്ങളും മാലിന്യങ്ങളും തുടച്ചു വൃത്തിയാക്കുക. മുപ്പത് വര്‍ഷത്തെ പരിചയസമ്പത്തുള്ള സൗദികളാണ് ജോലികള്‍ മുഴുവനായും ചെയ്യുക. കാറോണയുടെ സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ മേല്‍നാട്ടത്തില്‍ സുരക്ഷാ മുന്‍കരുതല്‍ പാലിച്ചായിരിക്കും എല്ലാ ജോലികളും പൂര്‍ത്തിയാക്കുക.

Content Highlights: Holy Kaaba getting ready for Ramadan