റിയാദ്: ജിദ്ദയില്‍ വ്യാഴാഴ്ച അതിശക്തമായ മഴ പെയ്തു. മഴയില്‍ റോഡുകളിലടക്കം ഏതാനും സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടാവുകയും ഗതാഗത തടസ്സം രൂപപ്പെടുകയും ചെയ്തു. ചിലയിടങ്ങളില്‍ ട്രാഫിക്ക് സിഗ്നലുകള്‍ തകരാറിലായി. അതേസമയം അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ചിലയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടാവുകയും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധമായ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുനിസിപ്പാലിറ്റി നിയോഗിച്ച ജോലിക്കാര്‍ റോഡുകളില്‍നിന്ന് ടാങ്കുകള്‍ ഉപയോഗിച്ച് വെള്ളം ഒഴിവാക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെച്ചു.
അതേസമയം വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാനായി ജിദ്ദ മുനിസിപ്പാലിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ കൈമാറാന്‍ അടിയന്തിര ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
നേരത്തെതന്നെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി സമയം രാത്രി ഒന്‍പത് മണിവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നത്. സൗദിയിലെ അസീറിലും മഴ പെയ്തു.
content highlights:heavy rain in jeddah saudi arabia