മക്ക: ലോകത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടയിലും അചഞ്ചലമായ ദൈവവിശ്വാസത്തില്‍ എല്ലാം അര്‍പ്പിച്ച് ഹാജിമാര്‍ മിനാ താഴ്വരയിലെത്തുന്നതോടെ ഞായറാഴ്ച (ജുലൈ 18) മുതല്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തുടക്കമാകും. കൊറോണയുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം സജ്ജീകരിച്ചിട്ടുള്ളത്. സുരക്ഷാവിഭാഗവും ഹജ്ജ് മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഹാജിമാരുടെ സുരക്ഷക്കായി വന്‍ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.

നാളെ ഹജ്ജ് കര്‍മ്മത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹാജിമാര്‍ മിനായിലൊരുക്കിയ താമസ കേന്ത്രങ്ങളില്‍ തങ്ങും. മിനാ ടവറിലും ടെന്റുകളിലുമായാണ് ഹാജിമാര്‍ക്കുള്ള താമസകേന്ദ്രങ്ങളൊരുക്കിയിട്ടുള്ളത്. കൊവിഡ് വാക്സിനടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച്, പ്രത്യേക ഹജ്ജ് അനുമതി നേടിയ അറുപതിനായിരം പേര്‍ക്കുമാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു അനുമതിയുള്ളത്. ഇതില്‍ സൗദി പൗരന്‍മാരും സൗദിയിലുള്ള 50 ഓളം രാജ്യക്കാരായ പ്രവാസികളും ഉള്‍പ്പെടും.

പൂര്‍ണ്ണമായും അധികൃതരുടെ നിയന്ത്രണ- മേല്‍നോട്ടത്തില്‍ വിശുദ്ധ മക്കയില്‍ ചെന്ന് കഅബ പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ഹാജിമാരെ ബസുകളിലാണ് മിനായില്‍ എത്തിക്കുക. യൗമുത്തര്‍വ്വിയ എന്നറിയപ്പെടുന്ന ദിനത്തില്‍ മിനായില്‍ തങ്ങുന്ന ഹാജിമാര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലും അഞ്ചുനേരത്തെ മമസ്‌ക്കാരമടക്കമുള്ള പ്രാര്‍ഥനകളിലും കഴിച്ചുകൂട്ടി, അടുത്ത ദിവസം അറഫാ സംഗമത്തില്‍ പങ്കെടുക്കുവാനുള്ള മക്കരരുത്താര്‍ജിക്കും. തിങ്കളാഴ്ച പ്രഭാത പ്രാര്‍ഥനക്കുശേഷം മിനായില്‍നിന്നും ഹാജിമാര്‍ അറഫയിലേക്കു തിരിക്കും.

അറഫയുടെ അതിര്‍ത്തി പ്രദേശത്തുള്ള നമിറ പള്ളിയില്‍ നടക്കുന്ന വാര്‍ഷിക പ്രഭാഷണത്തിനും നമസ്‌ക്കാരത്തിനും അറഫ മൈനാനിയിലെ സംഗമത്തിനുശേഷം സൂര്യാസ്തമയത്തോടെയായിരിക്കും അറഫയില്‍നിന്നുള്ള ഹാജിമാരുടെ മടക്കം. അറഫയില്‍ പ്രാര്‍ഥകളില്‍ കഴിയുന്ന ഹാജിമാര്‍ പാപമോചനത്തിനായി ദൈവത്തിങ്കല്‍ കരമുയര്‍ത്തും. സൂരൃാസ്തമയത്തോടെ അറഫയില്‍നിന്നും മുസ്ദലിഫയിലേക്ക് തിരിക്കുന്ന ഹാജിമാര്‍ മുസ്ദലിഫയില്‍ രാപാര്‍ത്ത് 20 മുതല്‍ മിനായിലെ ജംറകളില്‍ (പിശാചിന്റെ പ്രതീകങ്ങള്‍) നേരെ എറിയുവാനുള്ള ചെറുകല്ലുകള്‍ ശേഖരിക്കും.

ജൂലൈ 20ന് ബലിപെരുന്നാള്‍ ദിനത്തില്‍ ഹാജിമാരെല്ലാം വീണ്ടും മിനായില്‍ തിരികെ എത്തും. മിനായില്‍ ആദ്യ ദിവസത്തെ കല്ലേറ് കര്‍മ്മം ഹാജിമാര്‍ നടത്തും. ആദ്യ ദിവസം മൂന്ന് ജംറകളിലെ പിശാചിന്റെ ഏറ്റവും വലിയ പ്രതീകമായ ജംറത്തുല്‍ അഖബയില്‍ മാത്രമായിരിക്കും കല്ലേറ് കര്‍മ്മം നടത്തുക.  തുടര്‍ന്ന് തലമുണ്ഡനം, ബലികര്‍മ്മം, മക്കയില്‍ ചെന്ന് കഅബ പ്രദക്ഷിണം എന്നിവ നിര്‍വ്വഹിക്കുന്ന ഹാജിമാര്‍ രാത്രിയില്‍ മിനായില്‍തന്നെ തങ്ങും. അവശേഷിക്കുന്ന 2 ദിവസങ്ങളിലെ കല്ലേറ് കര്‍മ്മങ്ങള്‍ കുടി ജംറയില്‍ എറിഞ്ഞ ശേഷം 22ന് ഹാജിമാര്‍ ഹജജ് കര്‍മ്മം പൂര്‍ത്തിയാക്കി മിനയോട് വിടവാങ്ങും.

23ന് 4-ാം ദിവസം കൂടി താല്‍പര്യമുള്ള ഹാജിമാര്‍ക്ക് ജംറകളില്‍ കല്ലേറ് കര്‍മ്മം നടത്താമെങ്കിലും ഇത് നിര്‍ബന്ധമല്ല. ഹജജ് കര്‍മ്മത്തിനു വിരാമമായികൊണ്ട് ഹാജിമാര്‍ മിനായില്‍നിന്നും മക്കയില്‍ തിരികെ എത്തി മക്കയില്‍ ചെയ്തു തിര്‍ക്കാുള്ള അവശേഷിക്കുന്ന കര്‍മ്മങ്ങള്‍ കൂടി പൂര്‍ത്തിയാക്കും. പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ റൗളാശെരീഫ് സന്ദര്‍ശം പൂര്‍ത്തിക്കാക്കിയായിരിക്കും ഹാജിമാര്‍ തങ്ങളുടെ താമസ സ്ഥലത്തേക്ക് തിരികെ പോവുക.

Content Highlights: Hajj pilgrimage will begin on Sunday