മക്ക : ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച ആരംഭമാവും. ചരിത്രത്തിലിന്നുവരെയില്ലാത്ത വിധമുള്ള സുരക്ഷാ ക്രമീകരണങ്ങളുമായാണ് മിനാ താഴ്‌വാരം കോവിഡ് കാലത്തെ ഹജ്ജിന് സാക്ഷിയാകുന്നത്.

കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ട് ഹജ്ജ് കർമത്തിന്റെ ഭാഗമായി ഹാജിമാർ ബുധനാഴ്ച മുഴുവൻ മിനായിലൊരുക്കിയ കൂടാരങ്ങളിൽ നിസ്കാരങ്ങളും ഖുറാൻ പാരായണമടക്കമുള്ള കർമങ്ങളുമായി കഴിയും. പ്രത്യേക സുരക്ഷയോടെയാണ് ഹാജിമാർക്ക് മിനായിലെ തമ്പുകളിൽ താമസിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. അറഫ സംഗമം വ്യാഴാഴ്ചയാണ്.

സുരക്ഷയുടെ ഭാഗമായി പൊതുസുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ബിൻ ഖറാർ അൽ-ഹർബി വിശുദ്ധ നഗരങ്ങൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. ഹറം പള്ളി, അറഫാ, മിന, മുസ്ദലിഫ, ജമറാത്ത് തുടങ്ങിയ സ്ഥലങ്ങളിലെ സെക്യൂരിറ്റി പോസ്റ്റുകൾ അദ്ദേഹം സന്ദർശിച്ചു. പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ സജീദ് അൽ-ഹർജി മറ്റു ഉന്നത ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.

ഹജ്ജ് വേളയിൽ പുണ്യ സ്ഥലങ്ങളിലെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനും റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്തുവെന്ന് സൗദി ട്രാഫിക് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.

മക്കയിലും പരിസരങ്ങളിലും ചൊവ്വാഴ്ച അർധരാത്രി മുതൽതന്നെ ഗതാഗതനിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മുസ്ദലിഫയിലൂടെ കടന്നുപോകുന്ന കിങ് ഫൈസൽ റോഡ് അടച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിമുതൽ തായിഫ്- മക്ക റോഡ് പൂർണമായും അടച്ചു. ഹജ്ജ് തീർഥാടകർക്ക് തടസ്സങ്ങളില്ലാതെ കർമങ്ങൾ പൂർത്തിയാക്കാൻ തീർഥാടകരല്ലാത്തവർ പുണ്യ ഭൂമിയിലേക്ക് വരരുതെന്ന് സൗദി ട്രാഫിക് മേധാവി അറിയിച്ചു.