മക്ക : ഈ വർഷത്തെ ഹജ്ജ് കർമത്തിന് തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മക്ക, മദീന പുണ്യനഗരങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഹറം കാര്യാലയമേധാവികളാണ് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. ജൂലായ് 28-ന് സന്ധ്യകഴിഞ്ഞ് മക്കയിൽനിന്ന് ഹാജിമാർ കൂടാരങ്ങളുടെ താഴ്‌വരയായ മിനയിലേക്ക് നീങ്ങിത്തുടങ്ങും. 29-ന് ബുധനാഴ്ച അഞ്ചുനേരത്തെ നമസ്‌കാരവും പ്രാർഥനയുമായി ഹാജിമാർ മിനായിൽ തങ്ങും. വ്യാഴാഴ്ച പ്രഭാതത്തിൽ മിനായിൽനിന്ന് ഹാജിമാർ അറഫയിലേക്ക് പോകും. മിനാ അതിർത്തിയിലെ നമിറ പള്ളിയിൽ നടക്കുന്ന വാർഷിക ഖുതുബയിലും നിസ്‌കാരത്തിലും പങ്കെടുക്കുന്ന ഹാജിമാർ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമത്തിൽ പങ്കെടുത്ത് സൂര്യാസ്തമയംവരെ അവിടെ തങ്ങും. സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് പോകും. 31-ന് വെള്ളിയാഴ്ച പ്രഭാതത്തിൽ മിനായിൽ തിരികെയെത്തി മൂന്നുദിവസത്തെ കല്ലേറിന്റെ ആദ്യദിന കല്ലേറുകർമം നടത്തും.

കോവിഡ് വ്യാപനം തടയുകയെന്നത് ലക്ഷ്യമിട്ട് 10,000 തീർഥാടകരായി ഹാജിമാരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തിരക്കില്ലാതെയായിരിക്കും ഹാജിമാർ മക്കയിൽനിന്ന് മിനായിലെ കൂടാരങ്ങളിലെ താമസസ്ഥലത്ത് എത്തുക.

ഒട്ടേറെ മുൻകരുതലുകളും പ്രതിരോധനടപടികളും ഏർപ്പെടുത്തിയാണ് തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഈ വർഷം ഹറം കാര്യാലയ മേധാവികൾ ഒരുക്കിയിട്ടുള്ളത്. ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സാമൂഹികഅകലം പാലിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹറം കാര്യാലയം, ഹജ്ജ് മന്ത്രാലയം, സുരക്ഷാവിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് സൗകര്യങ്ങൾ. ഹാജിമാർക്ക് അണുവിമുക്തമാക്കിയ ബോട്ടിലുകളിലാണ് സംസം വെള്ളം നൽകുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബോട്ടിലുകളായിരിക്കും അത്.

മക്കയിൽചെന്ന് കഅബ പ്രദക്ഷിണം, തലമുണ്ഡനം, മിനായിൽ മൃഗബലി തുടങ്ങിയ കർമങ്ങൾ ഹാജിമാർ നിർവഹിക്കും. ഇഹ്‌റാം വേഷംമാറി സാധാരണവേഷം ധരിക്കുന്ന ഹാജിമാർ തൊട്ടടുത്ത രണ്ടുദിവസംകൂടി മിനായിൽ താമസിച്ച് കല്ലേറു കർമം പൂർത്തിയാക്കി മിനായിൽനിന്ന് വിടവാങ്ങുന്നതോടെ ഹജ്ജ് പൂർത്തിയാകും.

സൗദി അടക്കമുള്ള ഗൾഫ് നാടുകളിൽ വെള്ളിയാഴ്ചയാണ് പെരുന്നാൾ.