ദമ്മാം: ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് അരക്ക് താഴെ ചലനമറ്റ മലയാളി യുവാവ് നാട്ടിലെത്താന്‍ സഹായവും കാത്ത് ആശുപത്രിയില്‍. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഐദാന്‍ ആണ് ഒരു വര്‍ഷമായി ദമ്മാമിലെ മുവാസാത് ആശുപത്രിയില്‍ കഴിയുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന ഐദാനു ജോലി സ്ഥലത്തു വെച്ച് അപകടം സംഭവിക്കുന്നത്. വലിയ ഭാരമുള്ള ഒരു യന്ത്ര ഭാഗം ശരീരത്തില്‍ പതിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഐദാന്റെ കമ്പനി ഇടപെട്ട് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും അരക്ക് താഴെക്ക് ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു.
തുടര്‍ന്ന് കമ്പനിയും ഇന്ത്യന്‍ എംബസിയും ഇടപെട്ട് നാട്ടില്‍ പോകുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഇതിനിടയില്‍ കോവിഡ് പിടിപെട്ടതോടെ നാട്ടിലേക്ക് പോകാന്‍ കഴിയാതെയായി. കാവിഡ് ഭേദമായ സാഹചര്യത്തില്‍ വിമാനത്തില്‍ ഐദാന് വേണ്ട മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ നാട്ടിലേക്ക് പോകുന്നതിനു തടസമില്ലെന്നു ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാപിതാക്കളെ നഷ്ട്ടപ്പെട്ട ഐദാന് നാട്ടിലോ ദമ്മാമിലോ ഉറ്റബന്ധുക്കളായി ആരും തന്നെ ഇല്ല. ഐദാന്റെ യാത്രക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ എംബസിയും കമ്പനിയും നടത്തി വരികയാണെന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അന്‍ഷാദ് ആലപ്പുഴ, ജനറല്‍ സെക്രട്ടറി ഷജീര്‍ തിരുവന്തപുരം, നിഷാദ് നിലമ്പൂര്‍ എന്നിവര്‍ അറിയിച്ചു.
Content Highlights: Gulf Saudi Arabia News