റിയാദ്: കരമാര്‍ഗം സൗദിയില്‍ പ്രവേശിക്കാന്‍ സൗദി സ്വദേശികള്‍ക്കും അവരെ അനുഗമിക്കുന്ന വിദേശികളായ ഗാര്‍ഹിക ജോലിക്കാര്‍ക്കും അനുമതി. സൗദികളുടെ വിദേശികളായ ഭാര്യമാര്‍ക്കും മക്കള്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും പ്രവേശനാനുമതി നല്‍കും. 48 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവ് ഫലം തെളിയിക്കുന്ന പിസിആര്‍ ടെസ്റ്റ് പ്രവേശന കവാടത്തില്‍ ഹാജറാക്കണം.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ വ്യോമയാന മാര്‍ഗത്തോടൊപ്പം കര മാഗമുള്ള അതിര്‍ത്തികളും അടച്ചിട്ടിരുന്നു. സൗദിയിലേക്ക് ഇതുവരെ വിദേശത്തുനിന്നുള്ള വിമാന സേവനം ആരംഭിച്ചിട്ടില്ല. വന്ദേഭാരത് പോലെയുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമായിരുന്നു സേവനങ്ങള്‍ നടത്തിയിരുന്നത്.

എന്നാല്‍ സ്വദേശികള്‍ക്കും സ്വദേശികളുടെ ഗാര്‍ഹിക തൊഴിലാളികളായ വിദേശികള്‍ക്കും സൗദിയിലേക്ക് കരമാര്‍ഗമുള്ള പ്രവേശനാനുമതി നല്‍കിയിരിക്കയാണിപ്പോള്‍. വിദേശത്തുനിന്നും സൗദിയിലേക്ക് പ്രവേശിക്കുവാനുള്ള പ്രധാന അതിര്‍ത്തികളായ ഖഫ്ജി, റിഖായ്, കിംഗ് ഫഹദ് കോസ് വേ, ബത്ഹ എന്നീ കവാടങ്ങളാണ് സൗദി അറേബ്യ തുറന്നുകൊടുക്കുന്നത്. 

സൗദിയില്‍ വരാനാഗ്രഹിക്കുന്നവരുടെ ബന്ധം തെളിയിക്കുന്ന രേഖകള്‍ മുഖേന അബ്ശിര്‍ സംവിധാനം വഴി സൗദി പൗരന്മാര്‍ അപേക്ഷ നല്‍കണം. ഇതിനായി സൗദി ഭരണനേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ട്. താമസിയാതെന്നെ സൗദിയിലേക്കുള്ള വ്യോമായന അതിര്‍ത്തികളും തുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.