റിയാദ്: വിവിധ തട്ടിപ്പുകളില്‍ പ്രതികളായ 17 വിദേശികളെ അറസ്റ്റ് ചെയ്തതായി റിയാദ് സുരക്ഷാ വിഭാഗം വക്താവ് കേണല്‍ ശാക്കിര്‍ തുവൈജിരി അറിയിച്ചു. പ്രതികള്‍ ഈജിപ്ത്, സിറിയ, യെമന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണെന്നും തുവൈജിരി കൂട്ടിച്ചേര്‍ത്തു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാഹന ഇന്‍ഷുറന്‍സ് രേഖകള്‍ തരപ്പെടുത്തിക്കൊടുക്കുന്നതിന് ഇടനിലക്കാരായി നിന്ന് അംഗീകൃത കമ്പനികള്‍ നിശ്ചയിച്ച വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് നല്‍കുകയായിരുന്നു പ്രതികള്‍. ഇതിനു പുറമെ ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ പേരില്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്ത് വിപണനം നടത്തുകയും പതിവാക്കിയിരുന്നു.

റിയാദിലെ അസീസിയ്യ ഏരിയയില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ വാടകക്ക് എടുത്തായിരുന്നു പ്രതികള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന വിവിധ കമ്പനികളുടെ 9000 സിം കാര്‍ഡുകളും ഇവ ഡോക്യുമെന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന 3 ഡിവൈസുകളും പിടിച്ചെടുത്തു. ഇതിനു പുറമെ കമ്പ്യുട്ടര്‍ സിസ്റ്റം, സ്‌കാനര്‍ എന്നിവയും സുരക്ഷാ വിഭാഗം പിടിച്ചെടുത്തു.

പിടികൂടിയ 17 പ്രതികളെയും അറസ്റ്റ് ചെയ്യുകയും തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറുകയും ചെയ്തു.

Content Highlights: Foreigners arrested in Saudi Arabia