ബേപ്പൂര്‍: ഉദ്യോഗക്കയറ്റം ലഭിച്ചതിന്റെ സന്തോഷവുമായി പുതിയ ജീവിതം തുടങ്ങാനുള്ള യാത്രയിലായിരുന്നു ജാബിറും കുടുംബവും. പക്ഷേ, ജാബിറും ഭാര്യ ഷബ്ന, മക്കള്‍ ലുത്തുഫി, ലൈല, സഹ എന്നിവരുമടങ്ങുന്ന അഞ്ചംഗകുടുംബത്തെ കാത്തിരുന്നത് ദുരന്തമായിരുന്നു. അല്‍ജുബൈലില്‍നിന്ന് ജിസാനിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ ആ കുടുംബമൊന്നാകെ മരണത്തിന് കീഴടങ്ങി.

ബേപ്പൂരില്‍ പിതാവിന്റെ 'പാണ്ടികശാല ബൈത്തുല്‍സലാം' എന്ന വീടിന്റെ തൊട്ടടുത്ത് ജാബിര്‍ പുതിയ വീട് പണിയുന്നുണ്ടായിരുന്നു. പണി പൂര്‍ത്തിയാക്കി അവിടെ താമസം തുടങ്ങണമെന്ന സ്വപ്നമടക്കം പൊലിഞ്ഞതിന്റെ ആഘാതത്തിലാണ് പിതാവ് ആലിക്കോയ അടക്കമുള്ളവര്‍. പി.ജി.ഡി.സി.എ. പാസായശേഷമാണ് ജാബിര്‍ സൗദിയിലെ ടൊയോട്ട കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. സഹപ്രവര്‍ത്തകര്‍ക്കും മാനേജ്മെന്റിനും ഏറെ പ്രിയങ്കരനായിരുന്നതിനാല്‍ മാറ്റമില്ലാതെ ദീര്‍ഘകാലം ജോലിയില്‍ തുടരാനായതായി ബന്ധുക്കള്‍ പറഞ്ഞു.

സൗദിയില്‍ ജോലിചെയ്യുന്ന സഹോദരന്‍ അന്‍വര്‍ വിവരമറിഞ്ഞ് ജിസാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിലെ ജാബിറിന്റെ വീട്ടിലെത്തി പിതാവിനെയും മാതാവിനെയും ആശ്വസിപ്പിച്ചു. അനന്തരനടപടികള്‍ സംബന്ധിച്ച് എംബസിയുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ജോലിമാറ്റത്തിന്റെ ഭാഗമായി ജാബിറും കുടുംബവും അല്‍ജുബൈലില്‍നിന്ന് ജിസാനിലേക്ക് കാറില്‍പ്പോകുമ്പോള്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കഴിഞ്ഞമാസമാണ് കുടുംബത്തെ സന്ദര്‍ശകവിസയില്‍ ജാബിര്‍ കൊണ്ടുപോയത്. 20 വര്‍ഷമായി സൗദിയിലെ ടൊയോട്ട കമ്പനിയില്‍ ജീവനക്കാരനാണ് ജാബിര്‍. സ്ഥാനക്കയറ്റത്തോടെയാണ് ജിസാനിലേക്കു മാറ്റമായത്. കാരപ്പറമ്പ് സ്വദേശിനിയാണ് ഷബ്ന.

Content Highlights : 5 members of a Malayali family killed in car crash in Saudi