റിയാദ്: സൗദി അന്താരാഷ്ട്ര ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് എക്സിബിഷന്‍ റിയാദിന് വടക്ക് മല്‍ഹാമിലെ സൗദി ഫാല്‍ക്കണ്‍ ക്ലബ്ബ് ആസ്ഥാനത്ത് ആരംഭിച്ചു. ഒക്‌ടോബര്‍ 10 വരെ നീണ്ടുനില്‍ക്കുന്ന എക്സിബിഷന്‍ നിരവധി പേരെയാണ് ആകര്‍ഷിക്കുന്നത്.

വിവിധതരം പരുന്തുകളെ വളര്‍ത്തുന്നതും വേട്ടയാടുന്നതുമായ സൗദി സംസ്കാരവും പൈതൃകവും ഹോബിയും സംരക്ഷിക്കുകയും ഭാവി തലമുറകള്‍ക്ക് പകര്‍ന്നുനല്‍കുകയും ചെയ്യുകയാണ് ഫാല്‍ക്കണ്‍ പ്രദര്‍ഷനം ലക്ഷ്യമിടുന്നതെന്ന് സൗദി ഫാല്‍ക്കണ്‍ ക്ലബ്ബ് ഔദ്യോഗീക വക്താവ് വലീദ് അല്‍ തവീല്‍ പറഞ്ഞു. ഫാര്‍ക്കണുകളെ വേട്ടയാടുന്ന ആയുധങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും കമ്പനികളെയും വ്യക്തികളെയും ആകര്‍ഷിക്കുന്ന രാജ്യത്തെ ആദ്യത്തെ വേദിയാണ് എക്സിബിഷനെന്നും അല്‍-തവീല്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം എക്സിബിഷന്റെ മൂന്നാം പതിപ്പില്‍, ഫാല്‍ക്കണ്‍ വേട്ടയാടുവാനുള്ള ആയുധങ്ങളുടെ നിര്‍മ്മാണത്തിന്റെയും പ്രദര്‍ശനവും പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളുടെ ആതിഥേയത്വവും ശ്രദ്ധേയമാണ്. സന്ദര്‍ശകര്‍ക്ക് ആയുധങ്ങള്‍ വില്‍ക്കാനും വാങ്ങുന്നതിനുമുള്ള അവസരവും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് അനുമതിക്കുള്ള അവസരമൊരുക്കിയിട്ടുണ്ട്. വേട്ടക്കായി ഉപയോഗിക്കുന്ന വിവിധതരം ആയുധങ്ങളുടെ നിര്‍മ്മാതാക്കളും വിതരണക്കാരും ഫാല്‍ക്കണ്‍ തീറ്റ വിതരണക്കാരുമായ നിരവധി നിര്‍മ്മാണ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ 10 രാജ്യങ്ങളില്‍ നിന്നുള്ള 29 കലാകാരന്മാരും പ്രതിഭാശാലികളായ കരകൗശല വിദഗ്ധരും അവരുടെ സർഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്ന പെയിന്റിംഗുകളും പ്രദര്‍ശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വേട്ടയാടാനുള്ള തോക്കുകള്‍, വിവിധതരം പരുന്തുകള്‍, കലകള്‍, കുടുംബങ്ങള്‍ക്ക് പ്രദര്‍ശനം കാണുവാനും ഇടപെടുവാനുമുള്ള സൗകര്യം, ഷൂട്ടിംഗ് റേഞ്ചുകള്‍, സൗദി ഗ്രാമങ്ങളുടെ മാതൃക എന്നിവയ്ക്കായുള്ള പ്രത്യേക പവലിയന്‍ എന്നിവയും പ്രദര്‍ശന വേദിയെ വ്യത്യസ്ഥമാക്കുന്നുണ്ട്.