ജിദ്ദ: ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് പേയ്മെന്റ് നിര്‍ബന്ധമാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വീട്ടുഉപകരണങ്ങള്‍, ബില്‍ഡിംഗ് മെറ്റീരിയല്‍സ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലാണ് ഒണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കിയത്. ഇത്തരം സ്ഥാപനങ്ങളെകുറിച്ച് ഉപഭോക്താക്കള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശിച്ച നമ്പറില്‍ പരാതിപ്പെടാനും അവസരമുണ്ട്.

സൗദിയിലെ ചില്ലറ വ്യാപാര മേഖലകളില്‍ ഇന്നലെ മുതലാണ് ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം വാക്താവ് അബ്ദുറഹ്‌മാന്‍ ഹുസ്സൈന്‍ അറിയിച്ചത്. ഇതനുസരിച്ച് വീട്ടുഉപകരണങ്ങള്‍, ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ആക്സസറീസുകള്‍, വസ്ത്ര വ്യാപാരം, ഗ്യാസ്, പച്ചക്കറി, ഫ്രൂട്ട്സ്, ടൈലറിംഗ് ഷോപ്പ് തുടങ്ങിയ മേഖലകളിലെല്ലാം ഇനി മുതല്‍ ഓണ്‍ലൈന്‍ പേയ്മെന്റ് നിര്‍ബന്ധമാണ്.

ഇത്തരം ഷോപ്പുകളില്‍ കറന്‍സിയും നാണയങ്ങളും ഉപയോഗിച്ചും ഷോപ്പിംഗ് നടത്താനാകും. അതേസമയം ഓണ്‍ലൈന്‍ പേയ്മെന്റിന് താല്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായും അതിനുള്ള ഉപകരണങ്ങള്‍കൂടി സജജീകരിക്കേണ്ടതാണ്. ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്ത റീട്ടെയില്‍ വ്യാപാര കേന്ദ്രങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം നിര്‍ദ്ദശിച്ചിട്ടുള്ള നമ്പറില്‍ പരാതിപ്പെടാവുന്നതാണെന്നും മന്ത്രാലയം വാക്താവ് അബ്ദുറഹ്‌മാന്‍ ഹുസ്സൈന്‍ അറിയിച്ചു.

Content Highlights: Electronic payment has been made mandatory in retail shops in Saudi Arabia