ജിസാന്‍: ജിസാനിലെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടറും സമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഡോ.എ.എസ്.ചന്ദ്രശേഖറി(66)ന് സ്മരണാഞ്ജലികളര്‍പ്പിച്ചു കൊണ്ട് ജിസാന്‍ പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ സംയുക്തമായി വെര്‍ച്വല്‍ അനുസ്മരണം സംഘടിപ്പിച്ചു. 

സാംത ജനറല്‍ ആശുപത്രിയില്‍ അസ്ഥിരോഗ വിദഗ്ധനായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളം ജോലി ചെയ്തിരുന്ന അദ്ദേഹം അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം 11നാണ് സ്വദേശമായ മൈസൂറില്‍ മരണമടഞ്ഞത്. മലയാളി സമൂഹവുമായി ഏറെ അടുപ്പവും ബന്ധവുമുണ്ടായിരുന്ന അദ്ദേഹം പ്രവാസികള്‍ക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും ആശ്രയിക്കവുന്ന സമൂഹിക പ്രവര്‍ത്തകനുമായിരുന്നു. അസുഖബാധയെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ അവധിക്ക് നാട്ടില്‍ പോയ അദ്ദേഹം ബംഗളുരുവില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

വിവിധ സംഘടനാ നേതാക്കളും സമൂഹിക പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അനുഭവങ്ങളും സ്മരണകളും പങ്കുവെച്ച അനുസ്മരണപരിപാടി ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് അദ്ദേഹവുമായി ആഴത്തിലുള്ള ബന്ധം വിളിച്ചോതുന്നതായിരുന്നു. 

ജനകീയ ആരോഗ്യ വിദഗ്ധനും ലോകകേരള സഭാംഗവുമായ ഡോ. മുബാറക്ക് സാനി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സമൂഹിക ക്ഷേമ സമിതി അംഗവുമായ താഹ കൊല്ലേത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ലോക കേരളസഭ അഗവും ഇന്ത്യന്‍ മൈനോറിറ്റീസ് കള്‍ച്ചറല്‍ സെന്റര്‍ സൗദി ദേശീയ പ്രസിന്റുമായ എ.എം.അബ്ദുല്ല കുട്ടി, വിവിധ സംഘടനാ നേതാക്കളായ മുഹമ്മദ് ഇസ്മയില്‍ മാനു, വെന്നിയൂര്‍ ദേവന്‍, മുഹമ്മദ് സ്വാലിഹ് കാസര്‍ഗോഡ്,  ഹബീബ് റഹ്മാന്‍, ഷാഹിന്‍ കെവിടന്‍ എന്നിവര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിച്ചു.