മക്ക: ഉംറ സീസണിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കൊറോണ വൈറസ് പടരാതിരിക്കാന്‍ മക്കയിലെ വിശുദ്ധ ഹറാമും പാര്‍ക്കുകളും അണുവിമുക്തമാക്കിത്തുടങ്ങി. ഹറം ടെക്നിക്കല്‍ ആന്‍ഡ് സര്‍വീസ് അതോറിറ്റിയാണ് അണുവിമുക്തമാക്കി സുഗന്ധം പൂശുന്ന നടപടി തുടങ്ങിയിട്ടുള്ളത്.

ഹറംപള്ളിക്കായി പ്രത്യേകം കൊണ്ടുവന്ന മികച്ച സ്റ്റെറിലൈസറുകളും സുഗന്ധങ്ങളും ഉപയോഗിച്ച് 4,000 ത്തിലധികം തൊഴിലാളികള്‍ ദിവസത്തില്‍ 10 തവണയിലധികം മസ്ജിദുല്‍ ഹറാമും പുറത്തെ പാര്‍ക്കുകളും സൗകര്യങ്ങളും അണുവിമുക്തമാക്കുന്നുണ്ട്.

മസ്ജിദുല്‍ ഹറാം അണുവിമുക്തമാക്കുന്നതിന് ഏകദേശം 60,000 ലിറ്റര്‍ പരിസ്ഥിതി സൗഹൃദ അണുനശീകരണ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം ദിവസവും 1,200 ലിറ്റര്‍ സുഗന്ധവും വൃത്തിയാക്കുവാനുള്ള 470 ഓളം ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. പ്രാര്‍ത്ഥനക്കായി മസ്ജിദുല്‍ ഹറാമിലെത്തുന്നവരെ വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിനായി അധികൃതര്‍ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

ഉംറ നിര്‍വഹിക്കുന്നവരുടെയും മറ്റ് പ്രാര്‍ത്ഥനക്ക് എത്തുന്നവരുടേയും സുരക്ഷ ഉറപ്പ് വരുത്തുവാന്‍ മുഴുവന്‍സമയവും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ഹറമിന്റെ നിലവും വാതില്‍ കൈപിടികളും അണുവിമുക്തമാക്കാന്‍ അധികൃതര്‍ 550-ലധികം ഉപകരണങ്ങളും പമ്പുകളുമാണ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ 500 ഇലക്ട്രോണിക് സോപ്പ് ട്രേകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സവിശേഷതകളുള്ള 11 റോബോട്ടുകളും 20ഓളം മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കാന്‍ ഉപയോഗിച്ചുവരുന്നുണ്ട്.

Content Highlights: Disinfection in Haram began before the reception of those who comes to perform Umrah