റിയാദ് : ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍  ധീരജിന്റെ കൊലപാതകത്തില്‍ കേളി കലാസാംസ്‌കാരിക വേദി ശക്തമായി പ്രതിഷേധിച്ചു. കെഎസ്യു - യൂത്ത് കോണ്‍ഗ്രസ്സ് ഗുണ്ടാ സംഘമാണ് ധീരജിനെ നിഷ്ഠൂരമായി കുത്തി കൊലപ്പെടുത്തിയത്. വലതുപക്ഷവും മതതീവ്രവാദ പ്രസ്ഥാനങ്ങളും  ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെ അടുത്തകാലത്തായി നടത്തുന്ന കൊലപാതക പരമ്പരകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേളി കലാസാംസ്‌കാരിക വേദി സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം ഏകപക്ഷീയമായ അക്രമങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇടതുപക്ഷ പ്രവര്‍ത്തകരുടെ തികഞ്ഞ സംയമനം മൂലമാണ് കേരളം ഒരു കലാപഭൂമിയായി മാറാതിരിക്കുന്നത്. ഇത്തരം കൊലകളെ വെള്ളപൂശുന്ന വലതുപക്ഷ നേതൃത്വത്തിന്റെ നിലപാടുകളാണ്  ഇങ്ങനെയുള്ള അക്രമ-കൊലപാതക പരമ്പരകള്‍ തുടരുന്നതിന് വലതുപക്ഷ അണികള്‍ക്ക് പ്രചോദനമാവുന്നത്.  ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുപ്പോള്‍ കേരളത്തിലെ  മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗതയും വാര്‍ത്താ തമസ്‌കരണവും കൊലപാതക സംഘങ്ങള്‍ക്ക് എന്നും സഹായകമായിട്ടുണ്ട്.

ധീരജിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരേയും അതിന് ഗൂഡലോചന നടത്തിയ മുഴുവനാളുകളെയും നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്നും, കേരളത്തിലെ സമാധാന ജീവിതം തകര്‍ക്കാനുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും കൊലചെയ്യപ്പെട്ട ധീരജിന് അന്തിമാഭിവാദ്യം അര്‍പ്പിക്കുന്നതായും കേളിയുടെ പ്രസ്താവനയില്‍ പറഞ്ഞു.