ടോക്യ:ക്രൂഡ് ഓയില്‍ വിലയില്‍ 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില വെട്ടിക്കുറച്ചു. റഷ്യയുമായി വിലയുദ്ധത്തിലേര്‍പ്പെട്ടുക്കൊണ്ടാണ് സൗദി ക്രൂഡ് ഓയില്‍ വില കുറച്ചത്. 1991-ലെ ഗള്‍ഫ് യുദ്ധ ഘട്ടത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. 

ക്രൂഡ് ഓയില്‍ വില ബാരലിന് 14.25 ഡോളര്‍ ഇടിഞ്ഞ് 31.02 ഡോളറിലേക്കെത്തി. 31.5 ശതമാനം വിലയിടിവാണ് ഉണ്ടായിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. ലോകത്തിലെ രണ്ടാമത്തെ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ. 

കൊറോണ വൈറസ് ആഗോള വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വില വെട്ടിക്കുറക്കാനുള്ള നടപടിയെ ഒപെക് രാജ്യങ്ങള്‍ പിന്തുണച്ചു. 

ഒപെകും റഷ്യയും തമ്മിലുള്ള നിലവിലെ വിതരണ കരാര്‍ മാര്‍ച്ച് അവസാനത്തോടെ കഴിയും. ഇതിന് ശേഷം ഏപ്രിലില്‍ പ്രതിദിനം 10 ദശലക്ഷം ബാരല്‍ (ബിപിഡി) ക്രൂഡ് ഉത്പാദനം ഉയര്‍ത്താനാണ് സൗദി അറേബ്യ പദ്ധതിയിടുന്നത്.

Content Highlights: Crude Oil Plunges 30%, Biggest Drop In 29 Years, After Saudi Arabia Cuts Prices