റിയാദ്: സൗദിയില്‍ പിസിആര്‍ ടെസ്റ്റ് പരിധി ഉയര്‍ത്തി രാജ്യത്തേക്ക് വരുന്ന എല്ലാ വിദേശികള്‍ക്കും 72 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധന മതിയാകുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇതു സംബന്ധമായ അറിയിപ്പ് എല്ലാ വിമാന വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. നേരത്തെ 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റ് വേണമായിരുന്നു.

വിദേശികള്‍ സൗദിയിലേക്ക് വരികയാണെങ്കില്‍ നെഗറ്റീവ് കോവിഡ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണമെങ്കിലും എട്ട് വയസിന് താഴെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സൗദി അറേബ്യ അംഗീകരിച്ച ലാബുകളില്‍ നിന്നാണ് പിസിആര്‍ കോവിഡ് പരിശോധന നടത്തേണ്ടത്. 

കോവിഡ് ബാധിതനല്ലെന്ന് തെളിയിക്കുന്നതിനാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. സൗദിയിലെത്തുന്ന പ്രവാസികള്‍ മൂന്നു ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്‍ൈറനില്‍ കഴിയുകയും വേണം.

Content Highlights: Covid19 PCR test  saudi arabia