റിയാദ്:  കുറഞ്ഞ സമയത്തിനുള്ളില്‍ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള കൊറോണ വൈറസ് വാക്സിനുകള്‍ വലിയ അളവില്‍ മന്ത്രാലയം ലഭ്യമാക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബിയ പറഞ്ഞു. 2020 ഡിസംബര്‍ 17 മുതല്‍ വാക്സിനുകള്‍ നല്‍കാന്‍ ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ, സൗദിയില്‍ കൊറോണ വൈറസ് അണുബാധയുടെ പകര്‍ച്ചവ്യാധിയുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് മന്ത്രാലയം നിരീക്ഷിക്കുന്നതായി ഹജജ് ആന്റ് ഉംറ റിസര്‍ച്ചിന്റെ ഇരുപതാമത്തെ സയന്റിഫിക് ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കവെ അല്‍-റബിയ പറഞ്ഞു. കൊറോണ വൈറസ് പടരാതിരിക്കുവാനുള്ള എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചുവരുന്നുണ്ട്. പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അലസത ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കാന്‍ വലിയ രീതിയില്‍ വിവിധ ഏജന്‍സികളുമായി സഹകരിച്ച് പ്രവൃത്തിച്ചുവരുന്നുണ്ട്. 

ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ കിടക്കകളുടെ എണ്ണത്തില്‍ സൗദി അറേബ്യ 60 ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ട്. 13,000 കിടക്കകളോടെയുള്ള സൗകര്യമാണ് ആരോഗ്യ മന്ത്രാലയം സജജീകരിച്ചിട്ടുള്ളത്. കൊറോണ വൈറസ് പരിശോധനക്കായി 230 ല്‍ അധികം ക്ലിനിക്കുകള്‍ ഇന്ന് രാജ്യത്തുടനീളം ലഭ്യമാക്കിയിട്ടുണ്ട്.

മക്ക അമീറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് ഉമ്മുല്‍ ഖുറാ സര്‍വകലാശാല സംഘടിപ്പിച്ച സയന്റിഫിക് ഫോറം ഉദ്ഘാടനം ചെയ്തത്. ഹജജ്, ഉംറ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുക, ജനക്കൂട്ടത്തെ നിയന്ത്രിച്ച് തീര്‍ത്ഥാടകര്‍ക്ക് സുഗകരമായി കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള അവസരമൊരുക്കുക എന്നതും ഫോറത്തില്‍ സജജീവമായി ചര്‍ച്ചചെയ്യുന്നുണ്ട്.