റിയാദ്: രാജ്യത്തൊട്ടാകെയുള്ള എല്ലാ പള്ളികളിലും റമദാന്‍ മാസത്തില്‍ തറാവീ നമസ്‌കാരങ്ങള്‍ (പ്രത്യേക രാത്രി പ്രാര്‍ത്ഥനകള്‍) പരമാവധി 30 മിനിറ്റ് ആയിരിക്കണമെന്ന് സൗദി ഇസ്ലാമികകാര്യ മാര്‍ഗ്ഗനിര്‍ദ്ദേശ മന്ത്രി ഷേഖ് ഡോ. അബ്ദുല്ലത്തീഫ് അല്‍ ഷേഖ് നിര്‍ദ്ദേശിച്ചു.

ആരോഗ്യമന്ത്രിയില്‍ നിന്ന് ഞായറാഴ്ച ലഭിച്ച ടെലിഗ്രാമിന്റെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം എന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും പള്ളി ഇമാമുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ പറഞ്ഞു.

അനുഗ്രഹീതമായ റമദാന്‍ മാസത്തില്‍ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആരാധകരുടെ സാന്നിധ്യത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനായി രാജ്യത്തെ എല്ലാ പള്ളികളിലും 30 മിനിറ്റിലധികം കവിയാത്ത തറാവീഹ്, ക്വിയാം അല്‍-ലൈല്‍ പ്രാര്‍ത്ഥനകള്‍ ഇഷാ പ്രാര്‍ത്ഥനയോടൊപ്പം നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ ശുപാര്‍ശ ചെയ്തു.

പ്രസ്താവനയുടെ ഉള്ളടക്കം പാലിക്കാന്‍ മന്ത്രാലയത്തിന്റെ എല്ലാ ബ്രാഞ്ച് ഡയറക്ടര്‍മാരെയും പള്ളി ഇമാമുകളെയും അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മുന്‍ സര്‍ക്കുലറുകളില്‍ മന്ത്രാലയം പുറപ്പെടുവിച്ച എല്ലാ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കര്‍ശനമായും പാലിച്ചിരിക്കണമന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പള്ളികളിലേക്ക് പോകുമ്പോള്‍ പ്രത്യേക പ്രാര്‍ത്ഥന പായകള്‍ കൊണ്ടുവരികയും, മാസ്‌ക് ധരിക്കുകയും, ശാരീരിക അകലം പാലിക്കുകയും മറ്റെല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമന്നും പള്ളികളിലെ ജോലിക്കാരടക്കമുള്ളവരോടും ആരാധകരോടും മന്ത്രാലയം നേരത്തെ  നിര്‍ദ്ദേശിച്ചിരുന്നു.