റിയാദ്: കൊറോണ വൈറസ് കേസുകളില്‍ അടുത്തിടെയുണ്ടായ വര്‍ദ്ധനവിന് കാരണം പ്രതിരോധ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിലെ പൊതുജനങ്ങളുടെ അലസതയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി മുന്നറിയിപ്പ് നല്‍കി. ആളുകളുടെ ചലനങ്ങളിലും മനോഭാവങ്ങളിലുമുള്ള മാറ്റങ്ങളും കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവുമായുള്ള ബന്ധവും 'ഞെട്ടിക്കുന്നതാണ്'' എന്ന് പത്രസമ്മേളനത്തില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കൊറോണ വൈറസ് കേസുകളുടെ എണ്ണം വളരെ ഉയര്‍ന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'സമൂഹത്തിന്റെ ചലനങ്ങളും ഒത്തുചേരലുകളും മുമ്പത്തേതിനേക്കാള്‍ തീവ്രമായിതീര്‍ന്നതിനാല്‍ രോഗം മുമ്പത്തേക്കാള്‍  അതിവേഗം വ്യാപിക്കുകയാണ്. സ്ഥിരീകരിച്ച അണുബാധ കേസുകളുടെ വര്‍ദ്ധനവ് മന്ത്രാലയം ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അണുബാധ പകരുന്നതിനും ഗുരുതരമായ കേസുകളുടെ വര്‍ദ്ധനവിനും കാരണമാകുന്ന രീതികളെ സൂചിപ്പിക്കുന്നതാണ് രോഗ നിരക്ക് കൂടുന്നതന്ന് വക്താവ് പറഞ്ഞു.

'സമൂഹത്തിലെ ചില അംഗങ്ങളുടെ അലംഭാവത്തോടും അശ്രദ്ധയോടും കൂടിയുള്ള പ്രവൃത്തി വലിയ ദോശം ചെയ്യുന്നുണ്ടെന്ന് വക്താവ് ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ പ്രയാസകരമായ ഘട്ടങ്ങളിലേക്ക് നയിക്കുമെന്നും വക്താവ് പറഞ്ഞു.

റമദാന്‍ മാസത്തില്‍ വളരെയധികം മുന്‍കരുതല്‍ ആവശ്യമാണ്. പള്ളികളില്‍ പ്രവേശിക്കുമ്പോഴും പോകുമ്പോഴും റസ്റ്റോറന്റുകള്‍ സന്ദര്‍ശിക്കുമ്പോഴും ശാരീരിക അകലം പാലിക്കുകയും പ്രത്യേകിച്ചും മാസ്‌ക് ധരിക്കയുംവേണം. അതോടൊപ്പം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ പ്രത്യേക പ്രാര്‍ത്ഥനാ വിരി കൊണ്ടുവന്ന് ആരാധകര്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കണം. ഡോ. അല്‍-അബ്ദുല്‍ ആലി കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് വാക്സിന്‍ ഡോസുകള്‍ 6217,487 ഡോസുകളില്‍ എത്തിയിട്ടുണ്ടെന്നും കൂടുതല്‍ ഡോസുകള്‍ നല്‍കുന്നതിനുള്ള തീയതികള്‍ അടുത്ത ഘട്ടത്തില്‍ ലഭ്യമാകുമെന്നും വക്താവ് പറഞ്ഞു. 75 വയസ് തികഞ്ഞവര്‍ക്ക് റിസര്‍വേഷന്‍ ഇല്ലാതെതന്നെ വാക്സിന്‍ ലഭ്യമാകുവാന്‍ മുന്‍ഗണനയുണ്ട്.