റിയാദ്: കൃത്യനിര്‍വ്വഹണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയ ഐ.എസ്. ഭീകരന് റിയാദിലെ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കിയതിനു ശേഷം പരസ്യമായി ക്രൂശിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും സുരക്ഷാ വേലി ചാടിക്കടന്ന് സൈനിക ക്യാമ്പിലേക്ക് ഇരച്ചുകയറുകയും അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെക്കുകയും ചെയ്ത സ്വദേശിയായ ഐ.എസ്. ഭീകരനെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. 

ഐ.എസിനെ പിന്തുണക്കുകയും സൗദി ഭരണാധികാരികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കാഫിറുകളാക്കി (സത്യനിഷേധികള്‍) ചിത്രീകരിച്ചു തുടങ്ങി ഒട്ടേറെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പ്രതിക്ക് പങ്കുള്ളതായും കോടതി കണ്ടെത്തി. കൂടാതെ പ്രതിയുടെ കൈയില്‍നിന്നും പിടികൂടിയ ഉപകരണങ്ങളും മറ്റും കണ്ടുകെട്ടാനും കോടതിവിധിച്ചു.