വൈലത്തൂർ: ഹജ്ജിന്‍റെ പുണ്യം നേടാനായി നാലു സഹോദരങ്ങൾ സ്വരുക്കൂട്ടിയതാണ് ഈ പണം. എന്നാൽ, കോവിഡ് മഹാമാരിയിൽ ഇത്തവണത്തെ ഹജ്ജ് സൗദിയിൽ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ ആ പണം മറ്റൊരു പുണ്യപ്രവർത്തിക്കായി അവർ മാറ്റിവെച്ചു. പ്രവാസികളിൽ നാടണയുന്നതിന് പണം തടസ്സമാവുന്നവരെ കണ്ടെത്തി സഹായിക്കുകയാണിവർ. വൈലത്തൂർ കാവപ്പുരയിലെ പത്തായപ്പുര അബ്ദുമോനും മൂന്ന് സഹോദരങ്ങളുമാണിവർ.

അൽ ഐൻ കെ.എം.സി.സി. പ്രവർത്തകരായ ഇവർ 12 പേർക്ക് പ്രയോജനപ്പെടുത്താനായി ഈ തുക കൈമാറി.

നാലാളറിയാതെ വേണമീ സൽപ്രവർത്തി എന്നാണിവർ ആഗ്രഹിച്ചത്. വാർത്തയറിഞ്ഞ് വിശദാംശം അന്വേഷിച്ച മാതൃഭൂമിയോട് അവരിക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഒടുവിൽ മടിച്ചാണെങ്കിലും കൂട്ടത്തിൽ മുതിർന്ന സഹോദരന്റെ പേര് പറഞ്ഞു. താനൂർ മണ്ഡലം കെ.എം.സി.സി. നേതാക്കൾ വഴിയാണ് അർഹതപ്പെട്ടവരെ കണ്ടെത്തിയത്. മുസ്‌ലിംലീഗ് താനൂർ മണ്ഡലം പ്രസിഡന്റ് കെ.എൻ. മുത്തുകോയ തങ്ങളും അൽ ഐൻ കെ.എം.സി.സി. ഭാരവാഹി ഹുസൈൻ കരിങ്കപ്പാറയും തുക ഏറ്റുവാങ്ങി.