ലണ്ടന്‍: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങള്‍ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വസതിയില്‍ കണ്ടെത്തിയതായി ബ്രിട്ടീഷ് മാധ്യമമായ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മുഖം വികൃതമാക്കിയ നിലയിലും അവശിഷ്ടങ്ങള്‍ സ്ഥാനപതിയുടെ വസതിയിലെ ഉദ്യാനത്തില്‍നിന്നാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൃതദേഹാവശിഷ്ടങ്ങള്‍ സ്ഥാനപതിയുടെ വസതിക്കരികിലുള്ള കിണറില്‍നിന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി തുര്‍ക്കിയിലെ റോഡിന പാര്‍ട്ടി നേതാവ് ഡോഗു പെരിന്‍ജെക് രംഗത്ത് വന്നിരുന്നു.

ഖഷോഗ്ഗിയുടെ മരണത്തിന് പിന്നില്‍ സൗദിയാണെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഖഷോഗ്ഗി കൊല്ലപ്പെട്ടതാണെന്ന് സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. എന്നിട്ടും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താന്‍ സൗദി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് എര്‍ദോഗന്‍ ചോദിച്ചു. 

നേരത്തേ ഖഷോഗ്ഗിയുടെ മരണവുമായി ബന്ധപ്പെട്ട് സൗദിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഇതുവരെ അത്തരത്തില്‍ യാതൊന്നും പുറത്തുവിടാന്‍ തുര്‍ക്കി തയ്യാറായിട്ടില്ല.