റിയാദ്: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഫോണില്‍ ചര്‍ച്ച നടത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ബൈഡനെ സല്‍മാന്‍ രാജാവ് അഭിനന്ദിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ കുറിച്ച് സല്‍മാന്‍ രാജാവ് ചര്‍ച്ചക്കിടയില്‍ സൂചിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനും മേഖലയിലും ലോകത്തും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ ചര്‍ച്ചയില്‍ അടിവരയിട്ടു.

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളും പരസ്പര താല്‍പ്പര്യങ്ങളും സംഭവവികാസങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു. ഇറാനിയന്‍ ഭീഷണി, മേഖലയെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ എന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു. ഇത്തരം ഭീഷണികള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ സൗദി അറേബ്യയെ സഹായിക്കാനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധതയെയും ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന ഉറപ്പിനും സല്‍മാന്‍ രാജാവ് ബൈഡന് നന്ദി പറഞ്ഞു.

യെമനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ക്ക് സൗദി അറേബ്യ നല്‍കിയ പിന്തുണയെ യുഎസ് പ്രസിഡന്റ് അഭിനന്ദിച്ചു. യമനില്‍ സ്ഥിരമായ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള രാജ്യത്തിന്റെ താല്‍പ്പര്യവും യമന്‍ ജനതയുടെ സുരക്ഷയും വികസനവും കൈവരിക്കാനുള്ള ശ്രമങ്ങളും സല്‍മാന്‍ രാജാവ് ഊന്നിപറഞ്ഞി.

Content Highlights: Biden Calls King Salman as US Recalibrates Relations With Saudis