ദുബായ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി നേപ്പാള്‍ വഴിയുള്ള ഗള്‍ഫ് യാത്രയും പ്രതിസന്ധിയില്‍. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനം അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം അറിയിച്ചു.

മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുകയെന്ന ഉദ്ദേശ്യത്തോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കൂട്ടത്തോടെ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിലാണ് നേപ്പാളും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 14,000 ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാനായി ഇപ്പോള്‍ നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഗള്‍ഫ് നാടുകള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ കൂട്ടത്തോടെയാണ് നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിനകംതന്നെ നേപ്പാളില്‍നിന്നും ഒമാന്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളിലേക്ക് നിരവധി പ്രവാസികള്‍ എത്തിച്ചേരുകയും ചെയ്തു.

അതിനിടെ യു.എ.ഇ.കൂടി ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേപ്പാള്‍ വഴി മടങ്ങാനൊരുങ്ങിയത്. അതേസമയം നേപ്പാളിന്റെ നടപടി എയര്‍ ബബിള്‍ കരാറിന് വിരുദ്ധമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

നേപ്പാളില്‍നിന്ന് വരുന്ന ഇന്ത്യക്കാര്‍ നേപ്പാളില്‍ രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കണമെന്ന് യു.എ.ഇ. നേരത്തെതന്നെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇപ്പോള്‍ നേപ്പാളിലുള്ള പ്രവാസികള്‍ക്ക് ക്വാറന്റീന്‍ കാലാവധിക്കുശേഷം ഗള്‍ഫ് നാടുകളിലേക്ക് കടക്കാനാവും.

നേപ്പാള്‍ വഴി ചെലവുകുറവ്
യാത്രയ്ക്കും 14 ദിവസത്തെ ക്വാറന്റീനിനും ചെലവ് ചുരുങ്ങുമെന്നതാണ് നേപ്പാളിനെ തിരഞ്ഞെടുക്കാന്‍ കാരണം. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹി വഴി കാഠ്മണ്ഡുവിലേക്ക് എത്താന്‍ 10,000 മുതല്‍ 14,000 വരെയായിരുന്നു വിമാനടിക്കറ്റ് നിരക്ക്. 14 ദിവസത്തെ ക്വാറന്റീന്‍ പാക്കേജിന് 15,000 മുതല്‍ 20,000 വരെയുള്ള ചെറിയ നിരക്കുള്‍പ്പെടെയായിരുന്നു ആദ്യം. എന്നാല്‍ യാത്രക്കാര്‍ വര്‍ധിച്ചതോടെ ടിക്കറ്റിനും ക്വാറന്റീനിനായി ഹോട്ടല്‍ പാക്കേജുകള്‍ക്കും തുക വര്‍ധിച്ചു. മാലിദ്വീപ് വഴി യാത്രയ്ക്കും ക്വാറന്റീനിനും ഒരുലക്ഷത്തിനു മുകളിലാണ് ചെലവ്. ഇതു വര്‍ധിച്ചിട്ടുമുണ്ട്. മാലിദ്വീപില്‍ ഏറെദൂരത്തുള്ള ദ്വീപുകളിലാണ് ഇപ്പോള്‍ ക്വാറന്റീന്‍ ഒരുക്കുന്നത്. ഇതിന് ഒന്നരലക്ഷത്തോളമാണ് ചെലവാകുക.