മദീന: സൗദി അറേബ്യയിലെ മദീന പ്രവിശ്യയില്‍ വ്യാഴാഴ്ച രാത്രി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മദീന പ്രവിശ്യയിലെ അല്‍ ഹിജ്റ ഹൈവേയില്‍ 45 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാല്‍ അപകടത്തില്‍പെട്ടവര്‍ ഏത് രാജ്യക്കാരെന്ന് അയറിവായിട്ടില്ല.

മദീന നഗരത്തില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ അല്‍-യുതാമ നഗരം പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ചിലരെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് മുമ്പ് അപകടസ്ഥലത്തുവെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി.മദീനയില്‍ നിന്നുള്ള 20-ലധികം ആംബുലന്‍സുകളും അഡ്വാന്‍സ്ഡ് കെയര്‍ യൂണിറ്റുകളും അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. കൂടാതെ മക്കയില്‍ നിന്നുള്ള എട്ട് യൂണിറ്റുകളും ഖസീമില്‍ നിന്നുള്ള മൂന്ന് യൂണിറ്റുകളും സംഭവസ്ഥലത്ത് സേവനത്തിനുണ്ടായതായി സൗദി റെഡ് ക്രസന്റ് അതോറിറ്റി വക്താവ് ഖാലിദ് അല്‍-സെഹാലി പറഞ്ഞു.

അപകടം എപ്പോഴായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വ്യാഴാഴ്ച രാത്രി 11:27 ന് ആംബുലന്‍സുകള്‍ക്ക് അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് നവീകരണത്തിന് വിധേയമായ തിരക്കേറിയ മക്ക, മദീന പ്രവിശ്യകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ലിങ്കുകളില്‍ ഒന്നാണ് അപകടമുണ്ടായ സ്ഥലം. തീര്‍ത്ഥാടകരും വിശ്വാസികളും പലപ്പോഴും മക്ക-മദീന പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പാതയിലാണ് അപകടം ഉണ്ടായത്.

2019ല്‍ അല്‍-അഖല്‍ ഗ്രാമത്തിന് സമീപം ഇതേ ഹൈവേയില്‍ ബസ് ലോഡറുമായി കൂട്ടിയിടിച്ച് മുപ്പത്തിയഞ്ച് തീര്‍ത്ഥാടകരാണ് മരിച്ചത്. ഏഷ്യന്‍, അറബ് രാജ്യങ്ങളിലെ പ്രവാസികളായിരുന്നു ബസിലുണ്ടായിരുന്നത്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2019 ല്‍ സൗദി അറേബ്യയില്‍ 12,317 ട്രാഫിക് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.