റിയാദ്: ദമാമില്‍ നിന്നും റിയാദിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്സല്‍ (33) ആണ് മരിച്ചത്. ഡൈന പിക്കപ്പ് മറിഞ്ഞാണ് മരണം.

വാഹനം ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഇര്‍ഷാദിനെ പരിക്കുകളോടെ ഉറയ്റ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (ബുധനാഴ്ച) രാവിലെ എട്ട് മണിക്കാണ് അപകടം ഉണ്ടായത്. ദമാമില്‍ നിന്ന് 165 കിലോമീറ്റര്‍ അകലെ ജൂദായിലാണ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന കാറിടിക്കുകയംയിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഡൈന വാഹനം മുന്നിലുണ്ടായ ട്രെയ്ലറിലിടിച്ച് മറിയുകയുമായിരുന്നു.

അഫ്സല്‍ നാലുമാസം മുമ്പാണ് നാട്ടില്‍നിന്ന് അവധികഴിഞ്ഞ് തിരിച്ചെത്തിയത്. പിതാവ്: ഹമീദ്. മാതാവ്: സുഹറാബി. ഭാര്യ: ശംന. മക്കള്‍: മുഹമ്മദ് അജ്നാസ്, ഫാത്തിമ തന്‍ഹ.

അഫ്സലിന്റെ മൃതദേഹവും പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. കെ.എം.സി.സി പ്രവര്‍ത്തകരും ബന്ധുക്കളും അനന്തര നടപടിക്രമങ്ങള്‍ക്കായി രംഗത്തുണ്ട്.