ദമാം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍  ഒരു കുടുംബത്തിലെ അഞ്ച് മലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ മുഹമ്മദ് ജാബിര്‍, ഭാര്യ ഷബ്‌ന (36) ഇവരുടെ മൂന്ന് മക്കളായ ലൈബ (7), സഹ(5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്. ദമാമില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

ദമാമില്‍ നിന്ന് ജിസാനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരും അപകസ്ഥലത്ത് തന്നെ മരിച്ചു. ജാബിറിന് ജോലി മാറ്റം കിട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ ജിസാനിലേക്ക് പോയത്. വീട്ട് സാധനങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി അയച്ച ശേഷം കാറില്‍ അനുഗമിക്കുകയായിരുന്നു കുടുംബം.

റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍-റെയ്ന്‍ ആശുപത്രയിലെ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരും എംബസിയും ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മരിച്ചവര്‍ മലയാളികളാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.

Content Highlights: 5 members of a family died in a car accident at saudi arabia