ദുബായ് : സൗദി അറേബ്യയിൽ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 5,01,449 ആയി. പുതുതായി 1,021 പേർ സുഖം പ്രാപിച്ചെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,379 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ ആകെ എണ്ണം 5,20,774 ആയി. നിലവിൽ 11,136 പേർ ചികിത്സയിലുണ്ട്. ഇതിൽ 1,419 പേരുടെ നില ഗുരുതരമാണ്. 10 പേർ കൂടി മരിച്ചതോടെ ആകെ മരണം 8,189 ആയി.

യു.എ.ഇ.യിൽ 1,539 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധമന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,497 പേർ സുഖംപ്രാപിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. ആകെ 6,74,724 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 6,52,180 പേർ രോഗമുക്തരാവുകയും 1,929 പേർ മരിക്കുകയും ചെയ്തു. നിലവിൽ 20,615 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

ഒമാനിൽ 527 പേർ കൂടി കോവിഡ് രോഗമുക്തരായി. ആകെ 2,77,010 പേർക്ക് രോഗം ഭേദമായി. 491 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,95,017 ആയി. നിലവിൽ 666 പേർ ചികിത്സയിലുണ്ട്.

യു.എ.ഇ.യിൽ കോവിഡ് രോഗികൾ കുറഞ്ഞു

ദുബായ് : ബലിപെരുന്നാൾ അവധിക്കുശേഷം യു.എ.ഇ.യിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ.സി.ഇ.എം.എ.) വക്താവ് ഡോ.തഹർ അൽ അമേരി പറഞ്ഞു. സാധാരണഗതിയിൽ അവധിദിവസങ്ങൾക്കുശേഷം രോഗികളുടെ എണ്ണം ഉയർന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതുവത്സരം, ചെറിയ പെരുന്നാൾ അവധികളിലെല്ലാം വർധനയുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കോവിഡ് രോഗികളുടെ എണ്ണം 1550-ൽ താഴെയായിരുന്നു.

കോവിഡ് സുരക്ഷാ നടപടികളോടുള്ള താമസക്കാരുടെ പ്രതിബദ്ധതയാണ് കേസുകൾ കുറയാൻ കാരണമെന്നും ഡോ.തഹർ അൽ അമേരി വ്യക്തമാക്കി.