മലപ്പുറം : സൗദിയിലേക്കു പോകാൻ സർട്ടിഫിക്കറ്റിൽ ഒപ്പുതേടി ഡി.എം.ഒ. ഓഫീസിനു മുന്നിൽ പ്രവാസികളുടെ തിരക്ക്.

രാവിലെ എട്ടിനാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവാസികൾ സിവിൽസ്റ്റേഷനിലെ ഓഫീസിലേക്കെത്തിയത്. തുടർന്ന് 9.30-ഓടെ ഓഫീസും പരിസരവും ഒപ്പിടാനെത്തിയവരെക്കൊണ്ട് നിറഞ്ഞു.

തിരക്കു കൂടിയതോടെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശത്തെത്തുടർന്ന് ഓഫീസിനുമുന്നിൽ ടോക്കൺസംവിധാനം ഒരുക്കി. മുന്നൂറിലധികം ആളുകൾക്കാണ് ടോക്കൺവഴി സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു നൽകിയത്.

നിലവിൽ വാക്സിനേഷൻ നടപടി പൂർത്തീകരിച്ച പ്രവാസികൾക്ക് ഡൽഹിയിലെ എംബസിയാണ് സർട്ടിഫിക്കറ്റിൽ ഒപ്പിടുന്ന സംവിധാനം നടപ്പാക്കുന്നത്.

എന്നാൽ എംബസിവഴി വെരിഫിക്കേഷൻ പൂർത്തിയായി ഒപ്പിട്ട് തിരിച്ച് പ്രവാസികൾക്ക് ലഭിക്കുമ്പോഴേക്കും ആഴ്ചകൾ പിന്നിടുന്ന സാഹചര്യമുണ്ട്. ഇതുകാരണം കൃത്യസമയത്ത് സൗദിയിലേക്കു പോകുന്നതിനു തടസ്സം നേരിടുകയാണ്.

അധികൃതർ പരിശോധിച്ച് ഒപ്പിട്ട സർട്ടിഫിക്കറ്റ് പ്രവാസികൾക്ക് ജോലിയിൽ തിരിച്ച് പ്രവേശിക്കുന്നതിന് അനിവാര്യമാണ്. ഒട്ടേറെ പ്രവാസികൾക്ക് ഒരാഴ്ചയ്ക്കകം തിരിച്ചുപോകണം. എംബസി വഴിയാകുമ്പോൾ ഇനിയും കാലതാമസം നേരിടുമെന്ന സാഹചര്യം മുന്നിൽക്കണ്ടാണ് പ്രവാസികൾ ഡി.എം.ഒ. ഓഫീസിലെത്തിയത്.

രാവിലെ 10-ന് തുടങ്ങിയ പരിശോധനയും ഒപ്പിടലും വൈകീട്ടുവരെ നീണ്ടു. ഓഫീസ് പരിസരത്തെ തിരക്കുമൂലം പോലീസ് ഇടപ്പെട്ട് വരി ഒരുക്കിയാണ് ആളുകളെ കടത്തിവിട്ടത്.

വാക്സിനേഷൻ ക്യാമ്പുകളിൽ സംവിധാനം ഒരുക്കും

: തിരിച്ചുപോകുന്ന പ്രവാസികൾക്ക് വെരിഫിക്കേഷനും ഒപ്പിടുന്നതിനും ജില്ലയിലെ അതാത് വാക്സിനേഷൻ ക്യാമ്പുകളിൽ സംവിധാനമൊരുക്കുന്ന കാര്യം പരിഗണനയിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന.

ഇതുവഴി ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് ആളുകൾ ഒന്നിച്ച് എത്തുന്നത് കുറയ്ക്കാൻ കഴിയും. വിവിധഭാഗങ്ങളിലെ പ്രവാസികൾക്കും ദീർഘദൂരം സഞ്ചരിക്കാതെ കൃത്യസമയത്തു തന്നെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംവിധാനമുണ്ടാകും. ഇതിനായി അതത് കേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്തുമെന്ന് ഡി.എം.ഒ. അറിയിച്ചു.