റിയാദ്: സൗദിയില്‍ സ്വകാര്യമേഖലയിലെ എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍ക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ അഞ്ച് എഞ്ചിനീയര്‍മാരോ അതില്‍ കൂടുതലോ തൊഴിലെടുക്കുന്നുവെങ്കില്‍ അതിന്റെ ഇരുപത് ശതമാനം സൗദി എഞ്ചിനീയര്‍ ആയിരിക്കണം.  

സ്വകാര്യ മേഖലകളിലെ എഞ്ചിനീയറിങ് പ്രഫഷനുകള്‍ ഇരുപത് ശതമാനം സ്വദേശിവത്കരിക്കുവാനാണ് മാനവ വിഭവ ശേഷി മന്ത്രാലയം മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് സുലൈമാന്‍ അല്‍ റാജിഹി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള സഹകരണത്തോടെ സൗദിയുടെ വിവിധ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനവും.

യോഗ്യരായ സൗദി യുവതീ യുവാക്കള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യം. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് പ്രോത്സാഹജനകവും ഉചിതവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുവാനും ലക്ഷ്യമിടുന്നു. 

സ്വകാര്യമേഖലയുടെ വികസനത്തിനും മുന്നേറ്റത്തിനും അതിന്റെ തീരുമാനങ്ങളില്‍ സൗദി പൗരന്മാരുടെ ചിന്തയും പങ്കാളിത്തത്തിനും ഉറപ്പുനല്‍കണം. എഞ്ചിനീയറിങ് മേഖല സ്വകാര്യ വല്‍കരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അഞ്ചോ അതില്‍ കൂടുതലോ എഞ്ചിനീയര്‍മാരുള്ള എല്ലാ സ്വകാര്യമേഖ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമാണ്. സ്വദേശിവല്‍കരണവുമായി ബന്ധപ്പെട്ട് അതിന്റെ നാനാവശങ്ങളും യുക്തിയും പ്രയോഗികവല്‍ക്കരണവും വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയത്തിന്റെ തീരുമാനത്തോടൊപ്പം മന്ത്രാലയം പുറത്തിറക്കുകയും ചെയ്തു. 

Content Highlights: 20% Saudization to cover 117 engineering fields